ജുഡീഷ്യല്‍ അന്വേഷണം വേണം: പിണറായി
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഈ നിലപാടില്‍ ഇടതുപക്ഷം ഉറച്ചു നില്‍ക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ പൊലീസിന്റെ മനോവീര്യം തകരുമെന്ന മുഖ്യമന്ത്രിയുടെ വാദം ആ സ്ഥാനത്തിരിക്കുന്ന ആളിന് ചേര്‍ന്നതല്ല. പൊലീസ് ഉദ്യോഗസ്ഥനായ വിനോദിന്റെ മരണത്തിനിടയാക്കിയത് മുഖ്യമന്ത്രി ഉദ്ദേശിക്കുന്ന മനോവീര്യം തന്നെയാണെന്നും പിണറായി പറഞ്ഞു.
ആദിവാസികളുടെ നേര്‍ക്ക് സര്‍ക്കാര്‍ യുദ്ധപ്രഖ്യാപനം നടത്തിയതിനെ അംഗീകരിക്കാനാവില്ല. ആദിവാസികളെ വഞ്ചിക്കുന്ന നിലപാട് മാറ്റി അവര്‍ക്ക് ഭൂമി നല്കാനുള്ള നീക്കം എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്നും പിണറായി ആവശ്യപ്പെട്ടു.
പൊലീസിന് നേരിടാന്‍ കഴിയാത്ത ഒരായുധവും ആദിവാസികളുടെ കൈയിലുണ്ടായിരുന്നില്ല. സാധാരണ അവര്‍ ഉപയോഗിച്ചുവരാറുള്ള ആയുധമേ അവരുടെ കയ്യിലുണ്ടായിരിന്നുള്ളൂ. ഈ ആയുധങ്ങളുള്ള ആദിവാസികള്‍ക്ക് നേരെ വെടിവെക്കണോ?- അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുത്തുവെന്ന കെപിസിസി അധ്യക്ഷന്‍ മുരളീധരന്‍ പറഞ്ഞത് ശരിയാണെന്നും പിണറായി പറഞ്ഞു.
മുത്തങ്ങ സംഭവത്തില്‍ പ്രതിഷേധിച്ച് കെ. രാധാകൃഷ്ണന്‍ എം.എല്‍.എ നടത്തുന്ന നിരാഹാരസമരത്തിനോട് സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് എടുക്കുന്നത്. സര്‍ക്കാര്‍ ആദിവാസികളുടെ പ്രശ്നം ലാഘവത്തോടെയാണ് എടുക്കുന്നത്. സ്പീക്കറുടെ നിലപാടും ഇക്കാര്യത്തില്‍ ശരിയല്ല. -പിണറായി പറഞ്ഞു.












Click it and Unblock the Notifications