കമ്മിഷന്‍ മുത്തങ്ങ സന്ദര്‍ശിക്കണം
മധുര: മുത്തങ്ങയില്‍ പൊലീസ് വെടിവയ്പില്‍ കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടെന്ന ഊഹാപോഹങ്ങള്‍ ശരിയാണോയെന്ന് കണ്ടെത്താന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ മുത്തങ്ങ വന്യജീവി സങ്കേതം സന്ദര്‍ശിക്കണമെന്ന് തമിഴ്നാട്ടിലെ മധുരയിലെ മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് വാച്ച് ആവശ്യപ്പെട്ടു.
മധുര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് വാച്ച് മുത്തങ്ങയിലേക്ക് തെളിവ് ശേഖരിക്കുന്നതിനായി ഒരു സംഘത്തെ അയച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ സംശയമുയര്‍ത്താന്‍ മതിയായ തെളിവുകളുണ്ടെന്ന് പീപ്പിള്‍സ് വാച്ച് ചൂണ്ടിക്കാട്ടി. മുത്തങ്ങയില്‍ മാധ്യമപ്രവര്‍ത്തകരെയും സര്‍ക്കാരിതര സംഘടനാ പ്രവര്‍ത്തകരെയും പ്രവേശിക്കാന്‍ പൊലീസ് അനുവദിച്ചിരുന്നില്ല. ഇത് കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാവാമെന്ന സംശയം വളര്‍ത്തുന്നു.
മുത്തങ്ങയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ആദിവാസി ഗോത്രമഹാസഭയില്‍ നിന്നും പൊലീസ് പിടിച്ചെടുത്ത രേഖകള്‍ മനുഷ്യാവകാശ കമ്മിഷന്‍ ശേഖരിക്കണം. എത്ര പേര്‍ മുത്തങ്ങയിലുണ്ടായിരുന്നുവെന്നതിന്റെ വ്യക്തമായ ചിത്രം ഈ രേഖകളില്‍ നിന്ന് ലഭിക്കും.
പരിക്കേറ്റ ആദിവാസികള്‍ക്ക് ചികിത്സ ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ കമ്മിഷന്‍ സ്വീകരിക്കണം. മരിച്ച പൊലീസുകാരന് അഞ്ച് ലക്ഷം രൂപ നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ പൊലീസ് വെടിവയ്പില്‍ മരിച്ച ആദിവാസിയുടെ കുടുംബാംഗങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണം.












Click it and Unblock the Notifications