മുത്തങ്ങ: പ്രക്ഷോഭം ശക്തിപ്പെടുത്തും
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയാണെങ്കില്‍ ഹര്‍ത്താല്‍ നടത്തണമെന്ന വാശി എല്‍ഡിഎഫിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മാര്‍ച്ച് ആറ് വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധത്തില്‍ ക്രമീകരണങ്ങള്‍ നടത്തും. ഹര്‍ത്താല്‍ സംബന്ധിച്ച് ഡിജിപി എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് അയച്ച നോട്ടീസ് വെറും വിരട്ടല്‍ മാത്രമാണ്.
ജുഡ്ിഷ്യല്‍ അന്വേഷണം നടത്തില്ലെന്ന ദുര്‍വാശി മുഖ്യമന്ത്രി ഉപേക്ഷിക്കണം. ഇത്തരം ദുര്‍വാശികള്‍ അവസാനിപ്പിക്കാന്‍ പഴയകാലത്ത് കേരളത്തില്‍ പല പ്രക്ഷോഭങ്ങളും നടന്നിട്ടുണ്ട്.
മുത്തങ്ങയില്‍ കൂടുതല്‍ ആദിവാസികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. സന്നദ്ധ സംഘടനകള്‍ നടത്തിയ അന്വേഷണത്തില്‍ 130 ആദിവാസികളെ കാണാനില്ലെന്നാണ് വ്യക്തമായത്.
രാഷ്ട്രീയമായ ഏതെങ്കിലും മുദ്രാവാക്യം ഉയര്‍ത്തി നടത്തുന്ന ഹര്‍ത്താലല്ല ഇത്. കോണ്‍ഗ്രസിലെ ചില നേതാക്കളും മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. എന്നിട്ടും തീര്‍ത്തും ന്യായമായ ഒരാവശ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നതെന്ന് അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. പിടിവാശി ഉപേക്ഷിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തെയാവും മുഖ്യമന്ത്രിയ്ക്ക് നേരിടേണ്ടിവരിക.- പിണറായി സൂചിപ്പിച്ചു.
അടുക്കളയിലെ ആയുധങ്ങള്‍ മാത്രം കൈയിലുണ്ടായിരുന്ന ആദിവാസികള്‍ക്ക് നേരെ വെടിവയ്പ് നടത്തിയത് ഒഴിവാക്കാമായിരുന്നുമെന്ന് പിണറായി പറഞ്ഞു.












Click it and Unblock the Notifications