ഇറാഖില്‍ വ്യോമാക്രമണം
വാഷിംഗ്ടണ്‍: തെക്കന്‍ ഇറാഖിലെ രണ്ട് റഡാര്‍ കേന്ദ്രങ്ങള്‍ യുഎസ് സഖ്യസേന ബോംബിട്ടു തകര്‍ത്തു. യുഎസ് സേനാവൃത്തങ്ങള്‍ അറിയിച്ചതാണ് ഇക്കാര്യം.
ഇറാഖി സൈനികരോട് ഓടിയൊളിക്കാന്‍ താക്കീത് നല്കുന്ന ഏതാനും ലഘുലേഖകളും യുഎസിന്റെയും ബ്രിട്ടന്റെയും യുദ്ധവിമാനങ്ങള്‍ തെക്കന്‍ ഇറാഖില്‍ വിതറി. ബാഗ്ദാദിന് 370 കിലോമീറ്റര്‍ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന റഡാര്‍ കേന്ദ്രങ്ങളാണ് തകര്‍ക്കപ്പെട്ടത്.
തെക്കന്‍ ഇറാഖിലെ വ്യോമനിരോധിത മേഖലയില്‍ ഇറാഖ് റഡാര്‍ സ്ഥാപിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണമെന്ന് പറയുന്നു. ഭൗമോപരിതലത്തില്‍ നിന്നും ആകാശത്തേക്ക് മിസ്സിലുകള്‍ തൊടുക്കാവുന്ന സംവിധാനം കൂടി ഉള്ളതായിരുന്നു ഈ റഡാര്‍. ഇത് നിരീക്ഷണപ്പറക്കല്‍ നടത്തുന്ന സഖ്യസേന വിമാനങ്ങള്‍ക്ക് ഭീഷണിയാണെന്നാണ് യുഎസ് വാദം.
ഇറാഖിലെ പൗരന്‍മാര്‍ക്കും സൈനികര്‍ക്കും ഇടയില്‍ യുദ്ധഭീതി പരത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് യുഎസ്, ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍ ലഘുലേഖകള്‍ വിതരണം ചെയ്തതെന്ന് കരുതു. ഏകദേശം 6,60,000 ലഘുലേഖകള്‍ തെക്കന്‍ ഇറാഖില്‍ വിതറിയിട്ടുണ്ട്. ഇറാഖി പട്ടാളക്കാരോട് യുദ്ധക്യാമ്പുകള്‍ വിട്ട് വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആഹ്വാനം ചെയ്യുന്നതാണ് ഈ ലഘുലേഖകള്‍.
ഉടന്‍ സ്ഥലംവിടൂ, വീട്ടിലേക്ക് മടങ്ങൂ - ഒരു ലഘുലേഖയിലെ സന്ദേശം ഇതാണ്. നിങ്ങളുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്നതും വളരുന്നതും അഭിവൃദ്ധിയിലേക്ക് ഉയരുന്നതും നോക്കികാണൂ - എന്നും ലഘുലേഖ നിര്‍ദേശിക്കുന്നു.
മറ്റൊരു ലഘുലേഖ സൈനികരെ കൂട്ടനാശത്തിനുതകുന്ന ആയുധങ്ങള്‍ ഉപയോഗിക്കരുതെന്നും ഗള്‍ഫ് മേഖലയിലേക്ക് എണ്ണയൊഴുക്കിവിടരുതെന്നും താക്കീത് ചെയ്യുന്നു. ഇറാഖി ജനതയുമായി ഒരു യുദ്ധം യുഎസും ബ്രിട്ടനും ആഗ്രഹിക്കുന്നില്ലെന്നും ചില ലഘുലേഖകളില്‍ പറയുന്നു. യുദ്ധത്തില്‍ നിന്നും ഇറാഖിലെ ജനങ്ങളെയും സൈനികരെയും പിന്തിരിപ്പിക്കുകയാണ് ലഘുലേഖകളുടെ ലക്ഷ്യമെന്ന് കരുതുന്നു.












Click it and Unblock the Notifications