ഒസാമ ജീവനോടെയുണ്ട്: മുഷാറഫ്
ഇസ്ലാമബാദ്: അല്‍ ക്വെയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്. പക്ഷെ ലാദന്‍ പാകിസ്ഥാനിലില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് ഏഴ് വെള്ളിയാഴ്ച സിഎന്‍എന്‍ വാര്‍ത്താ ഏജന്‍സി സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് മുഷാറഫ് ഇക്കാര്യം പറഞ്ഞത്. അല്‍ ക്വെയ്ദയുടെ മൂന്നാമനായ ഖാലിദ് ഷേഖ് മുഹമ്മദ് പിടിയിലായതോടെ ഒസാമ ബിന്‍ ലാദനെക്കുറിച്ച് സൂചനകള്‍ കിട്ടിയേക്കുമെന്ന പ്രതീക്ഷയിലാണ് യുഎസ്.
അദ്ദേഹം ഒറ്റയ്ക്കോ ഒരാളോടൊപ്പമോ ആയിരിക്കില്ല ഒളിച്ചിരിക്കുന്നത്. എന്തായാലും ഒസാമ ബിന്‍ ലാദന്‍ ജീവിച്ചിരിക്കുന്നതായി തോന്നുന്നു. - മുഷാറഫ് പറഞ്ഞു. ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടിരിക്കാമെന്ന നേരത്തെ പല തവണ പ്രസ്താവിച്ചിട്ടുള്ള മുഷാറഫ് ഇതാദ്യമായാണ് ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെടുന്നത്.
അദ്ദേഹം ഒട്ടേറെ സുരക്ഷാഭടന്മാരോടൊപ്പമായിരിക്കാം നീങ്ങുന്നത്. പക്ഷെ ഒസാമ എന്തായാലും പാകിസ്ഥാനിലില്ല. - മുഷാറഫ് പറഞ്ഞു. കഴിഞ്ഞയാഴ്ച പിടിയിലാവുന്നതിന് മുമ്പ് ഒരു മാസത്തോളമായി ഖാലിദ് മുഹമ്മദിനെ പാകിസ്ഥാന്റെ സുരക്ഷാസൈനികര്‍ പിന്തുടരുകയായിരുന്നു. മറ്റ് ഏതാനും അല്‍ ക്വെയ്ദ അംഗങ്ങളെയും ഇപ്പോള്‍ പാകിസ്ഥാന്‍ ഏജന്റുമാര്‍ പിന്തുടരുകയാണ്. - മുഷാറഫ് വ്യക്തമാക്കി.
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള ദുര്‍ഘടമായ അതിര്‍ത്തിപ്രദേശങ്ങളിലെവിടെയോ ബിന്‍ ലാദന്‍ ഒളിച്ചിരിപ്പുണ്ടെന്ന് ഈയിടെ യുഎസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടിരുന്നു. അറസ്റിലായ ഖാലിദ് മുഹമ്മദില്‍ നിന്നും ബിന്‍ ലാദന്‍ അയച്ച എഴുത്തും ഇരുവരും കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവും യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.
അതേ സമയം ബിന്‍ ലാദന്‍ ജീവിച്ചിരിക്കുന്നതായി എന്ത് തെളിവുകളാണുള്ളതെന്ന ചോദ്യത്തില്‍ നിന്നും മുഷാറഫ് ഒഴിഞ്ഞുമാറി. എന്നാല്‍ 2001ല്‍ യുഎസ് അഫ്ഗാനിസ്ഥാനില്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ നിന്നും ലാദന്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നതിന് സൂചനകളുണ്ടെന്ന് മുഷാറഫ് പറഞ്ഞു.












Click it and Unblock the Notifications