ഒന്നാംതീയതി ബൂസാവാനാവില്ല
തിരുവനന്തപുരം: എല്ലാ മാസവും ഒന്നാം തീയതി മദ്യ വില്പന നിറുത്തിവയ്ക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിയ്ക്കാന്‍ ഐക്യമുന്നണി ഏകോപന സമിതി യോഗം തീരുമാനിച്ചു. മദ്യവര്‍ജ്ജന സന്ദേശം പ്രചരിപ്പിയ്ക്കാനായി പ്രത്യേക പണം മാറ്റിവയ്ക്കാനും ഐക്യമുന്നണി ആവശ്യപ്പെടും.
ഇത് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പിന്നെ ഒന്നാം തീയതികളില്‍ കേരളത്തില്‍ മദ്യ കച്ചവടമുണ്ടാവില്ല. സര്‍ക്കാര്‍ ജീവനക്കാരും മറ്റ് ജീവനക്കാരും ശമ്പളം വാങ്ങുന്നത് ഒന്നാം തീയതിയാണെന്നതുകൊണ്ടാണ് ഇത് നടപ്പാക്കാന്‍ ഐക്യമുന്നണി നിര്‍ദ്ദേശിയ്ക്കുന്നത്. വാങ്ങുന്ന ശമ്പളം നേരേ ഷാപ്പിലേയ്ക്ക് പോകുന്നത് തടയാനാവുമെന്നാണ് ഐക്യമുന്നണിയുടെ കണക്ക് കൂട്ടല്‍.
ഐക്യമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നതാണിത്.
എന്നാല്‍ വിനോദ സഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ വൈന്‍ - ബീയര്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ അനുമതി നല്‍കാന്‍ ഐക്യമുന്നണി തീരുമാനിച്ചിട്ടുണ്ട്. കേരള സംസ്ഥാന വിനോദ സഞ്ചാര വികസന കോര്‍പ്പറേഷനായിരിയ്ക്കും ഇതിന്റെ ചുമതല.
എന്നാല്‍ ഒന്നാം തീയതികളില്‍ മദ്യകടകള്‍ അടയ്ക്കുന്നത് വില്പനയെ ബാധിയ്ക്കില്ലെന്നാണ് കേരളത്തിലെ ഏക ചില്ലറ മദ്യ വില്പനക്കാരായ കേരള സ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്. മുമ്പ് ഞായറാഴ്ചകളില്‍ ചില്ലറ വില്പന നിറുത്തി വച്ചിരുന്നു. അപ്പോള്‍ ശനിയാഴ്ചകളിലെ കച്ചവടം കൂടുതലായിരുന്നു. കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശമദ്യം വിറ്റഴിയ്ക്കുന്ന സംസ്ഥാനമാണ് കേരളം.












Click it and Unblock the Notifications