നാല് എംഎല്‍എമാര്‍ നിരാഹാരത്തില്‍
തിരുവനന്തപുരം: മുത്തങ്ങ വെടിവെപ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതിപക്ഷ എംഎല്‍എമാര്‍ നിരാഹാരം തുടങ്ങി. മാര്‍ച്ച് എട്ട് ശനിയാഴ്ച നിരാഹാരം നടത്തിവന്നിരുന്ന തോമസ് ഐസക് എംഎല്‍എയെ അവശനിലയില്‍ ആശുപത്രിയില്‍ ആക്കിയതിനെ തുടര്‍ന്നാണ് പുതിയ നാല് എംഎല്‍എമാര്‍ നിരാഹാരം തുടങ്ങിയത്.
നിരാഹാരം തുടങ്ങി ഒമ്പതാം ദിവസമായ ശനിയാഴ്ച തോമസ് ഐസക് ക്ഷീണിതനായതിനെ തുടര്‍ന്ന് പൊലീസ് അദ്ദേഹത്തെ അറസ്റ് ചെയ്ത് മെഡിക്കല്‍ കോളെജിലെ കാര്‍ഡിയോളജി ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. നേരത്തെ തോമസ് ഐസക്ക് എംഎല്‍എയെ പരിശോധിച്ച ഡോക്ടര്‍ അദ്ദേഹത്തിന്റെ ശാരീരിക നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പി.കെ. ശ്രീമതി(സിപിഎം), കെ.പി. രാജേന്ദ്രന്‍(സിപിഐ), കോവൂര്‍ കുഞ്ഞുമോന്‍(ആര്‍എസ്പി), നീലലോഹിതദാസന്‍ നാടാന്‍ (ജനതാദള്‍-എസ്) എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്ന എംഎല്‍എമാര്‍. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നിരാഹാരസമരം ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനും സംസാരിച്ചു.


Click it and Unblock the Notifications