ജുഡീഷ്യല്‍ അന്വേഷണം വേണം: സംഗ്മ
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് എന്‍സിപി നേതാവും മുന്‍ ലോക്സഭാ സ്പീക്കറുമായ പി.എ. സംഗ്മ ആവശ്യപ്പെട്ടു. മാര്‍ച്ച് ഒമ്പത് ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സംഗ്മ.
മുഖ്യമന്ത്രിയെന്ന നിലയില്‍ ആന്റണിയുടെ പരാജയമാണ് മുത്തങ്ങ സംഭവം. ആന്റണി ഉടന്‍ വെടിവെപ്പ് നടന്ന സ്ഥലം സന്ദര്‍ശിക്കണം. ജുഡീഷ്യല്‍ അന്വേഷണത്തിന് വിസമ്മതിക്കുന്നതില്‍ നിന്നും ആന്റണി എന്തോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന തോന്നലാണുണ്ടാക്കുന്നതെന്നും സംഗ്മ പറഞ്ഞു.
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ആവശ്യമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം ആകാമെന്ന് ആന്റണി നേരിട്ടു നടത്തിയ കൂടിക്കാഴ്ചയില്‍ തന്നോട് പറഞ്ഞതായും സംഗ്മ അറിയിച്ചു. ആന്റണി ആളാകെ മാറി. പണ്ട് തന്റെ സുഹൃത്തായിരുന്ന ആന്റണിയല്ല ഇപ്പോഴത്തേതെന്നും സംഗ്മ കളിയാക്കി.
വിദേശത്ത് ജനിച്ചയാള്‍ പ്രധാനമന്ത്രിയാകരുതെന്ന നിലപാട് തന്നെയാണ് എന്‍സിപിയ്ക്കുള്ളത്. എന്‍സിപി കോണ്‍ഗ്രസുമായി അടുക്കുന്നുവെന്ന പ്രചാരണത്തില്‍ കഴമ്പില്ല. - സംഗ്മ പറഞ്ഞു.












Click it and Unblock the Notifications