ചൊവാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍
തിരുവനന്തപുരം: മുത്തങ്ങാപ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപകമായ ഹര്‍ത്താല്‍ മാര്‍ച്ച് 11 ചൊവാഴ്ച നടക്കും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ 12 മണിക്കൂര്‍ നേരമാണ് ഹര്‍ത്താല്‍.
ഹര്‍ത്താലില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിവാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്ര തടയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു. പരീക്ഷാകേന്ദ്രത്തിലേക്ക് എന്ന ബോര്‍ഡ് വച്ച വാഹനങ്ങളെ തടയില്ലെന്ന് മോട്ടോര്‍ തൊഴിലാളി സംയുക്തസമരസമിതിയും വ്യക്തമാക്കിയിട്ടുണ്ട്.
സിബിഎസ്ഇ, ഇഐസിഎസ്ഇ പരീക്ഷകള്‍ ചൊവാഴ്ചയാണ്. ഈ പരീക്ഷകള്‍ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ യാത്ര തടസ്സപ്പെടരുതെന്ന് ഉറപ്പാക്കാന്‍ ഇടതുമുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി. പാല്‍-പത്ര വിതരണം, ആശുപത്രി എന്നിവയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചൊവാഴ്ച രാവിലെയാണ് ഹര്‍ത്താലെങ്കിലും ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ തിങ്കളാഴ്ച രാത്രിയോടെ തന്നെ നിലയ്ക്കാന്‍ സാധ്യതയുണ്ട്. ചരക്ക് വാഹനങ്ങളും തിങ്കളാഴ്ച ഓട്ടം നിര്‍ത്തുമെന്നറിയുന്നു.
മുത്തങ്ങ പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ഹര്‍ത്താല്‍ പിന്‍വലിക്കാമെന്ന് ഇടതുമുന്നണി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ ജനവികാരവും വിദ്യാര്‍ത്ഥികളുടെ പരീക്ഷയും കണക്കിലെടുത്ത് ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications