ഹര്‍ത്താല്‍ തുടങ്ങി: സമാധാനപരം
തിരുവനന്തപുരം: ഇടതു ജനാധിപത്യ മുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. സാധാരണ ജീവിതം തടസ്സപ്പെട്ടിരിയ്ക്കുകയാണ്. അപൂര്‍വം സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്.സി ബി എസ് സി പരീക്ഷയും അമേരിയ്ക്കയിലും മറ്റും നേഴ്സ് ആവാനുള്ള പ്രവേശന പരിക്ഷയായ സി ജി എഫ് എന്‍ എസ് പരീക്ഷയും എഴുതുന്ന വിദ്യാര്‍ത്ഥികളെ ഹര്‍ത്താല്‍ വലച്ചിരിയ്ക്കുകയാണ്.
ഇതുവരേയും അക്രമങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. എന്നാല്‍ ഹര്‍ത്താല്‍ തലേന്ന് തിരുവനന്തപുരത്ത് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയിരുന്നു.
രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, പരീക്ഷാകേന്ദ്രങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ഇടതു മുന്നണി പറയുന്നത്.
പരീക്ഷയ്ക്കു പോകുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും പരീക്ഷാകേന്ദ്രം ജീവനക്കാരെയും തടയില്ലെന്ന് ഇടതു മുന്നണി നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, ബസും മറ്റു വാഹനങ്ങളും നിരത്തിലിറങ്ങാതെ വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ എങ്ങനെ എത്തുമെന്ന് ഇവര്‍ പറയുന്നില്ല.
പരീക്ഷാ കേന്ദ്രത്തിലേയ്ക്ക് എന്ന ബോര്‍ഡുവച്ച് പോകുന്ന ബസ്സുകളെ തടയില്ലെന്നും ഇടതു മുന്നണി വ്യക്തമാക്കിയിട്ടുണ്ട്.
മാര്‍ച്ച് 12 ബുധനാഴ്ച തുടങ്ങുന്ന എസ്.എസ്.എല്‍.സി പരീക്ഷയെ ഹര്‍ത്താല്‍ ബാധിക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ അറിയിച്ചു. ആദ്യപരീക്ഷയുടെ ചോദ്യപേപ്പറുകള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ നേരത്തെതന്നെ എത്തിച്ചിട്ടുണ്ട്.
ഹര്‍ത്താല്‍ ആയതുകൊണ്ട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഒരു ബസും നിരത്തിലിറക്കില്ലെന്നാണ് പുതിയ ഗതാഗത വകുപ്പ് മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ള പറയുന്നത്.
ജന ജീവിതം സൗകര്യപ്രദമാക്കാനായി ജനങ്ങള്‍ തിരഞ്ഞെടുത്ത് നിയമസഭയിലേയ്ക്ക് അയച്ച ഇരുമുന്നണിക്കാരും ജനവിരുദ്ധ നയം സ്വീകരിയ്ക്കുന്നെന്നതിന് ഉത്തമ ഉദാഹരണമാണ് ഈ ഹര്‍ത്താല്‍.
മുത്തങ്ങ പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഇടതുമുന്നണി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.












Click it and Unblock the Notifications