യുഎസിനെതിരെ കോഫി അന്നന്‍
നെതര്‍ലാന്റസ്: ഐക്യരാഷ്ട്ര സമിതിയുടെ അനുമതിയില്ലാതെ ഇറാഖിനെതിരെ യുഎസ് യുദ്ധം നടത്തുകയാണെങ്കില്‍ അത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമായിരിക്കുമെന്ന് ഐക്യരാഷ്ട്ര സമിതി സെക്രട്ടറി ജനറല്‍ കോഫി അന്നന്‍. യുദ്ധത്തിന് അനുമതി തേടി യുഎസ് ഐക്യരാഷ്ട്രസമിതിയ്ക്ക് പുറത്തുപോയാല്‍ അതും ഐക്യരാഷ്ട്രസമിതിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായിരിക്കും.- കോഫി അന്നന്‍ പറഞ്ഞു.
നെതര്‍ലാന്റ്സില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോഫി അന്നന്‍. യുഎസിനെതിരെ ഇത്രയും കടുത്ത ഭാഷയില്‍ കോഫി അന്നന്‍ സംസാരിക്കുന്നത് ഇതാദ്യമാണ്.
ഏകപക്ഷീയമായി യുഎസ് ഇറാഖിനെതിരെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അത്തരം സൈനിക നടപടികളുടെ സാധൂകരണം ദുര്‍ബലമായിരിക്കുമെന്നും അന്നന്‍ വ്യക്തമാക്കി. യുദ്ധം എപ്പോഴും അവസാനത്തെ വഴിയായിരിക്കണം. സമാധാനപരമായ ഒരു പരിഹാരമാര്‍ഗ്ഗം കണ്ടെത്തുക ഐക്യരാഷ്ട്രസമിതിയുടെ ഉത്തരവാദിത്വമാണ്. - കോഫി അന്നന്‍ പറഞ്ഞു.
യുഎസ് ഏകപക്ഷീയമായി ഇറാഖിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയാലും ഐക്യരാഷ്ട്രസമിതിയുടെ പ്രസക്തി നഷ്ടപ്പെടില്ല. ഈ തര്‍ക്കം ഏതു വിധത്തില്‍ പരിഹരിക്കപ്പെട്ടാലും ഐക്യരാഷ്ട്രസമിതിയ്ക്ക് അതില്‍ ഒരു പ്രധാന പങ്ക് വഹിക്കാനുണ്ടാവും. ഇറാഖ് പ്രശ്നം അന്താരാഷ്ട്ര സമൂഹത്തെ വിയോജിപ്പിന്റെയും അഭിപ്രായഭിന്നതയുടെയും ഗൗരവമായ തലത്തില്‍ എത്തിച്ചിരിക്കുകയാണെന്നും അന്നന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications