അയോദ്ധ്യയില്‍ ഉത്ഖനന പ്രക്രീയ തുടങ്ങി
അയോദ്ധ്യ: അയോദ്ധ്യയിലെ ഏറ്റെടുത്ത ഭൂമിയില്‍ ഉത്ഖനന പ്രക്രീയകള്‍ തുടങ്ങി. മാര്‍ച്ച് 12 രാവിലെ 10.30 നാണ് ഇതിനായി ഉദ്വോഗസ്ഥരും മറ്റുള്ളവരും ഇവിടെ എത്തിയത്. ആര്‍ക്കിയോളജിയ്ക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇതിനായി 52 തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം തിരിച്ചറിയല്‍ ശീട്ടും നല്‍കിയിട്ടുണ്ട്.
അലഹബാദ് ഹൈകോടതിയുടെ ലഖ്നൊ ബഞ്ചാണ് ഉത്ഖനനം നടത്താനായി ഉത്തരവിട്ടത്. അയോദ്ധ്യാ പ്രശ്നവുമായി ബന്ധപ്പെട്ട കക്ഷികളുടെ സാന്നിദ്ധ്യത്തില്‍ ഈ പ്രദേശം പരിശോധിയ്ക്കണമെന്ന് മാര്‍ച്ച് 11 ചൊവാഴ്ച കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതാണ് രാവിലെ നടക്കുന്നത്. ഉച്ചയോടെ ഉത്ഖനനം തുടങ്ങുമെന്നാണ് ഫൈസാബാദ് ജില്ലാ അധികാരികള്‍ പറയുന്നത്.
സ്ഥലം പരിശോധനയ്ക്കായി രണ്ട് ആര്‍ക്കിയോളജിസ്റുകളോടൊപ്പം സുന്നി വഖഫ് സെന്‍ട്രല്‍ ബോര്‍ഡിലെ സഫരിയാബ് ഗീലാനിയും അയോദ്ധ്യയില്‍ എത്തിയിട്ടുണ്ട്. ആര്‍ കെ തക്രാന്‍, മുഹമ്മദ് അബീദ് എന്നിവരാണ് ആര്‍ക്കിയോളജിസ്റുകള്‍. വി എച്ച് പി സംഘാടക സെക്രട്ടറി ചമ്പത്ത് റായും പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. ഇവരെക്കൂടാതെ രഞ്ജന അിഹോത്രി, പ്രസാദ് എന്ന രണ്ട് ചരിത്ര പണ്ഡിതരും ഉണ്ട്. പരാതിക്കാരുടേയും എതിരാളികളുടേയും പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ വേണം സ്ഥലം പരിശോധനയെന്ന് കോടതി നിഷ്കര്‍ഷിച്ചിരുന്നു.
ഉത്ഖനന വിധിയ്ക്ക് ആധാരമായ കേസിന്റെ പരാതിക്കാരന്‍ മുഹമ്മദ് ഹുസൈന്‍ അന്‍സാരി ഇതിനോട് സഹകരിയ്ക്കുന്നില്ല. ഇത് വെറും രാഷ്ട്രീയ നാടകമാണെന്നാണ് മുഹമ്മദ് ഹുസൈന്റെ വാദം. ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രധാനിയായ മുരളീ മനോഹര്‍ ജോഷി ഭരിയ്ക്കുന്ന മാനവശേഷി വകുപ്പിന്റെ കീഴിലുള്ള ആര്‍ക്കിയോളജിയ്ക്കല്‍ സര്‍വേ നടത്തുന്ന ഉത്ഖനനത്തില്‍ വിശ്വാസമില്ലെന്ന നിലപാടിലാണ് അദ്ദേഹം. ഇതാണ് അവസ്ഥയെങ്കില്‍ വൈകാതെ ദില്ലി ജുമാ മസ്ജിദും കുത്തബ് മീനാറും ഇരിയ്ക്കുന്ന സ്ഥലങ്ങളിലും ഉത്ഖനനം നടത്തണമെന്ന ആവശ്യം ഉയരുമെന്നും അന്‍സാരി പറയുന്നു.
ഉത്ഖനനം നടക്കുന്നതിന്റെ വിശ്വാസ്യത ഞങ്ങള്‍ നിരീക്ഷിയ്ക്കും. അത് നിഷ്പക്ഷമാണെങ്കില്‍ അതിനോട് സഹകരിയ്ക്കും. മുഹമ്മദ് ഹുസൈന്‍ പറയുന്നു.
വിവിധ മുസ്ലിം സംഘടനകളുടെ പ്രതിനിധികള്‍ മുഹമ്മദ് ഹുസൈനെ അനുനയിപ്പിയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
മാര്‍ച്ച് അഞ്ചിനാണ് അയോദ്ധ്യയില്‍ ഉത്ഖനനം നടത്താന്‍ കോടതി ഉത്തരവിട്ടത്.












Click it and Unblock the Notifications