4356 കള്ള് ഷാപ്പുകള്‍ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 4356 കള്ള്ഷാപ്പുകള്‍ തുറക്കാന്‍ തീരുമാനിച്ചതായി എക്സൈസ് മന്ത്രി കെ. ശങ്കരനാരായണന്‍. മാര്‍ച്ച് 12 ബുധനാഴ്ച മദ്യനയത്തിന് അംഗീകാരം നല്കിയ മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ത്രീസ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്കാനും കെടിഡിസിയ്ക്ക് ബിയര്‍ പാര്‍ലറുകളും വൈന്‍ കടകളും നടത്താന്‍ അംഗീകാരം നല്കാനും പുതിയ മദ്യനയം അനുമതി നല്കുന്നു. പ്രത്യക ടൂറിസം മേഖലകളില്‍ ബിയര്‍ പാര്‍ലറുകള്‍ ആരംഭിക്കാനും കെടിഡിസിയ്ക്ക് പുതിയ മദ്യനയം അംഗീകാരം നല്കുന്നു.
4356 കള്ള് ഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്കുന്ന വകയില്‍ ഫീസിനത്തില്‍ 20 മുതല്‍ 24 കോടി രൂപവരെ വരുമാനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തൃശൂര്‍,എറണാകുളം ജില്ലകളിലൊഴികെയുള്ള ജില്ലകളില്‍ കള്ളുഷാപ്പുകള്‍ വ്യക്തികള്‍ക്ക് നല്കും. എന്നാല്‍ തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഗ്രൂപ്പടിസ്ഥാനത്തിലായിരിക്കും ലൈസന്‍സ് നല്കുക. നിര്‍ദേശങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും കെടിഡിസിയ്ക്ക് വൈന്‍, ബിയര്‍ പാര്‍ലറുകള്‍ക്ക് അംഗീകാരം നല്കുക. പ്രത്യേക ടൂറിസം മേഖലയില്‍ ബിയര്‍ പാര്‍ലറുകള്‍ ആരംഭിക്കുമ്പോള്‍ കെടിഡിസിയ്ക്ക് റസ്റോറന്റുകളില്ലെങ്കില്‍ അവിടെ റസ്റോറന്റുകള്‍ തുടങ്ങാന്‍ വ്യക്തികള്‍ക്ക് അനുമതി നല്കും.
ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്പന ശാലകളുടെ എണ്ണം കൂട്ടാന്‍ ആലോചിക്കുന്നുണ്ട്. ഇപ്പോള്‍ സംസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന് 30 ചില്ലറ വില്പനശാലകളാണ് ഉള്ളത്. കള്ള് ഷാപ്പുകളുടെ ലൈസന്‍സ് ഫീസ് 15 മുതല്‍ 50 ശതമാനം വരെ വര്‍ധിപ്പിക്കും. സംസ്ഥാനത്ത് ത്രീസ്റാറിനും അതിനും മുകളിലും ഉള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്കും. ഇതിനുള്ള ലൈസന്‍സ് ഫീസ് മാര്‍ച്ച് 14ന് അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രഖ്യാപിക്കും.
ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ മാസത്തെയും ഒന്നാം തിയതികളില്‍ മദ്യവില്പന നിരോധിക്കും.












Click it and Unblock the Notifications