സെക്രട്ടേറിയറ്റ് നടയില്‍ അക്രമം
തിരുവനന്തപുരം: എസ് എഫ് ഐ, എ ഐ എസ് എഫ് കാരുടെ സമരത്തെതുടര്‍ന്ന സെക്രട്ടേറിയറ്റിന് മുന്നില്‍ അക്രമം. വിദ്യാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിനകത്തേയ്ക്ക് കല്ലേറ് നടത്തി.
സെക്രട്ടേറിയറ്റിന്റെ കമ്പി വേലിയിലെ വിളക്കുകള്‍ തകര്‍ന്നു. വിദ്യാര്‍ത്ഥകള്‍ അക്രമം കാണിച്ചപ്പോള്‍ പൊലീസ് കാര്യമായി പ്രതികരിച്ചില്ല. വിദ്യാര്‍ത്ഥി നേതാക്കളും സി പി എം ലെ മറ്റ് നേതാക്കളും ഇടപെട്ട് കൂടുതല്‍ അക്രമം ഉണ്ടാവാതെ നോക്കി.
മാര്‍ച്ച് 12 ബുധനാഴ്ച എസ് എഫ് ഐ പ്രവര്‍ത്തകരും എ ഐ എസ് എഫ് പ്രവര്‍ത്തകരും പ്രത്യേകം പ്രത്യേകം പ്രകടനങ്ങളാണ് നടത്തിയത്. മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനങ്ങള്‍.
സെക്രട്ടേറിയേറ്റിന്റെ മുന്നില്‍ പൊലീസുകാര്‍ മതില്‍ പോലെ നിരന്നിരുന്നു. അവര്‍ക്ക് നേരെ വിദ്യാര്‍ത്ഥികള്‍ കമ്പും കല്ലുകളും വലിച്ചെറിഞ്ഞു. ആദ്യം എത്തിയ എഐ എസ് എഫ് കാരാണ് അക്രമം തുടങ്ങിയത്.
പിന്നീട് എത്തിയ എസ് എഫ് ഐ കാര്‍ പൊലീസ് ഡി ജി പി കെ ജെ ജോസഫിന്റെ കോലം കത്തിച്ചു.
തോട്ടം തൊഴിലാളികളും സെക്രട്ടേറിയറ്റിലേയ്ക്ക് പ്രകടനമായി എത്തിയിരുന്നു. വിദ്യാര്‍ത്ഥികളെ നേരിട്ടാല്‍ തോട്ടം തൊഴിലാളികള്‍ക്കും തല്ല് കൊള്ളുമായിരുന്നു. അതുകൂടിയാണ് പൊലീസ് സംയമനം പാലിയ്ക്കാന്‍ കാരണം.
സെക്രട്ടേറിയറ്റിനു മുന്നില്‍ അക്രമം തുടങ്ങിയപ്പോള്‍ തന്നെ ബസുകള്‍ വഴി തിരിച്ച് വിട്ടിരുന്നു. മണിയ്ക്കൂറുകളോളം സെക്രട്ടേറിയറ്റിനുമുന്നിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.












Click it and Unblock the Notifications