മുത്തങ്ങ: ശിശു അവകാശങ്ങള്‍ ലംഘിച്ചു
ബത്തേരി: മുത്തങ്ങയില്‍ നടന്ന പൊലീസ് നടപടിയില്‍ കുട്ടികളുടെ അവകാശങ്ങളെ നമായി ലംഘിക്കുകയാണ് പൊലീസ് ചെയ്തതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
മുത്തങ്ങയില്‍ നടന്ന പൊലീസ് നടപടിയില്‍ ലാത്തിച്ചാര്‍ജിനിടയില്‍ അടിയേറ്റ് ചികിത്സ തേടിയ കുട്ടികള്‍ നിരവധിയാണ്. ലാത്തിച്ചാര്‍ജ് നടത്തുമ്പോള്‍ യാദൃശ്ചികമായി ഒന്നോ രണ്ടോ കുട്ടികള്‍ക്കല്ല പരിക്കേറ്റത്. പല കുട്ടികളുടെയും തലയില്‍ ലാത്തികൊണ്ടടിച്ചതിന്റെ പരിക്കാണുള്ളത്. വളരെ ബോധപൂര്‍വം തന്നെയാണ് കുട്ടികളെയും സ്ത്രീകളെയും മര്‍ദിച്ചതെന്നാണ് സൂചനകള്‍.
കാണാതായ കുട്ടികള്‍ക്കായി ഇപ്പോഴും തിരച്ചില്‍ നടത്തുകയാണ്. മുത്തങ്ങയിലെ കാട്ടില്‍ തങ്ങളുടെ കുട്ടികളെ തേടിയിറങ്ങിയിരിക്കുകയാണ് ചില അഛനമ്മമാര്‍.
കുട്ടികള്‍ക്കെതിരായ എല്ലാ തരത്തിലുള്ള പീഡനത്തെയും ചെറുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ ശിശു അവകാശ കണ്‍വെന്‍ഷന്‍ പറയുന്നത്. മുത്തങ്ങയില്‍ കണ്‍വെന്‍ഷന്റെ ഈ നിര്‍ദേശം പൂര്‍ണമായും ലംഘിക്കപ്പെടുകയാണ് ചെയ്തത്.
സായുധ സംഘര്‍ഷമുണ്ടാവുമ്പോള്‍ കുട്ടികളെ പ്രത്യേകം സംരക്ഷിക്കണമെന്നും കുട്ടികള്‍ക്ക് മുറിവേറ്റാല്‍ അവരെ പരിപാലിക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കണ്‍വെന്‍ഷന്‍ പറയുന്നു. ഇതൊന്നും മുത്തങ്ങയില്‍ പാലിക്കപ്പെട്ടില്ല.
കുട്ടികളെ കാണാതായതിനെ കുറിച്ച് വിശദീകരണമൊന്നും നല്‍കാന്‍ പൊലീസ് അധികൃതര്‍ തയ്യാറായിട്ടില്ല. കാണാതായ കുട്ടികളെ കണ്ടെത്താനുള്ള ശ്രമവുമില്ല. ആശുപത്രികളില്‍ ആദിവാസികള്‍ വളരെ മോശമായും വിവേചനത്തോടെയുമാണ് പരിചരിക്കപ്പെട്ടതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.












Click it and Unblock the Notifications