മര്‍ദനം അതിക്രൂരമായി: ജാനു, ഗീതാനന്ദന്‍
കോഴിക്കോട്: അതിക്രൂരമായ വിധത്തിലാണ് പൊലീസ് തങ്ങളെ കസ്റഡിയില്‍ മര്‍ദിച്ചതെന്ന് ആദിവാസി ഗോത്രമഹാസഭാ അധ്യക്ഷ സി. കെ. ജാനുവും ദളിത് സമര സമിതി കണ്‍വീനര്‍ എം. ഗീതാനന്ദനും പറഞ്ഞു.
ആദിവാസികള്‍ സമാധാനപരമായാണ് സമരം ചെയ്തതെന്നും അവസാനത്തെ ആദിവാസിക്ക് ഭൂമി കിട്ടും വരെ സമരം തുടരുമെന്നും ജാനു പറഞ്ഞു. ഏത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സത്യം പുറത്തുവരണമെന്നാണ് തങ്ങളുടെ ആഗ്രഹം.
നിയമസഹായം നല്‍കുന്നതിനും ആദിവാസി സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും ജയിലിലെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജാനുവും ഗീതാനന്ദനും.
ആന്ധ്രാപ്രദേശില്‍ നിന്നുള്ള എം എല്‍ എ ഗുമഡി നര്‍ശയ്യ, എ ഐ കെ എം എസ് സെക്രട്ടറി ഗഡി ദിവാകര്‍, ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഇന്റര്‍വെന്‍ഷന്‍ നേതാവ് എന്‍. കെ. ഭട്ടാചാര്യ, ഒറീസയില്‍ നിന്നുളള ലോക് സംഗ്രാം മഞ്ച് സെക്രട്ടറി ഭല ചന്ദ്രഷഡംഗി, ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം പ്രസിഡന്റ് അഡ്വ. പി. കെ. ഇബ്രാഹിം, ഫോറം സെക്രട്ടറിയും നിയമസമീക്ഷ പത്രാധിപരുമായ അഡ്വ. ഡി. ബി. ബിനു എന്നിവരാണ് ജയിലില്‍ ജാനുവിനെയും ഗീതാനന്ദനെയും സന്ദര്‍ശിച്ചത്.
അതിക്രൂരമായ പൊലീസ് മര്‍ദനത്തിനിടയില്‍ തനിക്ക് ഓര്‍മ നശിച്ചുപോയെന്ന് ജാനു പറഞ്ഞു. കൂട്ടം ചേര്‍ന്നായിരുന്നു മര്‍ദനം. വാനില്‍ വെച്ചും സ്റേഷനില്‍ വെച്ചും മര്‍ദിച്ചു.
അഭിഭാഷകന്‍ മുഖേന കീഴടങ്ങാനായിരുന്നു ഉദ്ദേശ്യമെങ്കിലും നാട്ടുകാര്‍ പൊലീസിലറിയിച്ചതിനെ തുടര്‍ന്ന് അതുനടന്നില്ലെന്ന് ഗീതാനന്ദന്‍ പറഞ്ഞു. മര്‍ദനത്തില്‍ തന്റെ മൂന്ന് വാരിയെല്ലുകള്‍ ഒടിഞ്ഞു. പിറ്റേദിവസം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് സംസാരിക്കാനാവാത്ത നിലയിലായിരുന്നു.
അറസ്റ് ചെയ്യുമ്പോള്‍ പാലിയ്ക്കേണ്ട സുപ്രിം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതുകൊണ്ട് കോടതിയലക്ഷ്യ നടപടിയ്ക്ക് നീക്കം നടത്തുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.












Click it and Unblock the Notifications