മുത്തങ്ങയിലെ സ്ത്രീപീഡനം വനിതാ ജഡ്ജി അന്വേഷിക്കണം
തിരുവനന്തപുരം: മുത്തങ്ങയില്‍ ആദിവാസി സ്ത്രീകള്‍ക്ക് നേരെ പൊലീസ് നടത്തിയ പീഡനത്തെ കുറിച്ച് ഒരു വനിതാ ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിയ്ക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വനിതാ കമ്മിഷന്‍ ആന്റണി കമ്മിഷന്‍ പോലെയാണ് പ്രവര്‍ത്തിയ്ക്കുന്നത്. ആദിവാസി സ്ത്രീകള്‍ക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തോട് വളരെ പക്ഷപാതപരമായാണ് വനിതാ കമ്മിഷന്‍ പ്രതികരിച്ചത്.
മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ മറ്റ് മൂന്ന് എം എല്‍ എമാര്‍ക്കൊപ്പം നിരാഹാര സത്യഗ്രഹം നടത്തുന്ന പി. കെ. ശ്രീമതിടീച്ചര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയതായിരുന്നു വൃന്ദ കാരാട്ട്.
ദേശീയ വനിതാ കമ്മിഷനും രാഷ്ടീയമായി പക്ഷപാതപരമായാണ് പ്രവര്‍ത്തിയ്ക്കുന്നത്. അതിനാല്‍ പ്രശ്നം കമ്മിഷന് മുന്നില്‍ വച്ചിട്ട് പ്രയോജനമില്ല.
മുത്തങ്ങയിലെയും പരിസരപ്രദേശങ്ങളിലെയും ആദിവാസി കുടിലുകള്‍ സന്ദര്‍ശിച്ചപ്പോള്‍ പൊലീസ് പീഡനത്തെ പറ്റി ഒട്ടേറെ സ്ത്രീകള്‍ പരാതിപ്പെട്ടു. പൊലീസ് തങ്ങളെ പീഡിപ്പിച്ചെന്നും മോശപ്പെട്ട ഭാഷയില്‍ സംസാരിച്ചെന്നുമാണ് പല സ്ത്രീകളും പറഞ്ഞത്.
കോളനികളില്‍ മിയ്ക്ക ആദിവാസികളും പട്ടിണിയിലാണ് കഴിയുന്നത്. ആദിവാസി കുടുംബങ്ങള്‍ക്ക് തൊഴിലും ഭക്ഷണവും സര്‍ക്കാര്‍ നല്‍കണം.
മുത്തങ്ങയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട മിയ്ക്ക ആദിവാസികള്‍ക്കും സ്വന്തമായുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടു. ഇവര്‍ക്ക് സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications