നിയമസഭ സ്തംഭിച്ചു
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തെ ചൊല്ലി ഇറങ്ങിപ്പോക്ക് നടത്തിയതിന് ശേഷം തിരിച്ചെത്തിയ പ്രതിപക്ഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍ ഡി എഫ് മാര്‍ച്ചിന് നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ബഹളം കൂട്ടിയതിനെ തുടര്‍ന്ന് സഭാനടപടികള്‍ സ്തംഭിച്ചു.
ഇറങ്ങിപ്പോക്കിന് ശേഷം തിരിച്ചെത്തിയ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങി ബഹളം കൂട്ടുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് സഭ പിരിയുന്നതായി ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ സുന്ദരേശന്‍ നാടാര്‍ അറിയിച്ചു.
നേരത്തെ മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. അടിയന്തിര പ്രമേയത്തിന് അനുമതി തേടിയ കോടിയേരി ബാലകൃഷ്ണന്‍ മുത്തങ്ങയില്‍ പൊലീസ് ആദിവാസികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ചു.
തന്റെ പ്രസംഗത്തിനിടയില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്കെതിരെ കോടിയേരി നടത്തിയ ചില പരാമര്‍ശങ്ങളുടെ പേരില്‍ ഭരണപക്ഷാംഗങ്ങള്‍ ശബ്ദമുയര്‍ത്തി. പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടായി. തന്റെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതായി കോടിയേരി അറിയിച്ചതിന് ശേഷമാണ് ഭരണപക്ഷം അടങ്ങിയത്.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തിയത്.
സഭയില്‍ നിന്ന് ഇറങ്ങിപോയ പ്രതിപക്ഷ എം എല്‍ എ മാര്‍ നിയമസഭാ മന്ദിരത്തില്‍ നിന്ന് സെക്രട്ടേറിയറ്റിലേയ്ക്ക് പ്രകടനം നടത്തി. നാല് പ്രതിപക്ഷ എം എല്‍ എ മാര്‍ നിരാഹാരം കിടക്കുന്നതിനരികിലാണ് പ്രകടനം സമാപിച്ചത്.












Click it and Unblock the Notifications