ആയുധ പരിശോധകരെ പിന്‍വലിയ്ക്കണം: യു എസ്
വീയന്ന: ഇറാഖിലെ ആണവായുധ പരിശോധകരെ ഉടനേ പിന്‍വലിയ്ക്കണമെന്ന് ഐക്യ രാഷ്ട്രസഭയോട് യു എസ് ആവശ്യപ്പെട്ടു. ഇത് യുദ്ധം നടത്താനുള്ള അവസാന തയ്യാറെടുപ്പിന്റെ ഭാഗമായാണ് കണക്കാക്കുന്നത്.
യു എസും, ജര്‍മ്മനിയും, ബ്രിട്ടനും തങ്ങളുടെ രാജ്യക്കാര്‍ കുവൈറ്റില്‍ നിന്നും മറ്റും മടങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും സൂചിപ്പിയ്ക്കുന്നത് യുദ്ധം ഇനി വൈകില്ലെന്നാണ്.
ഉടനേ തന്നെ ആയുധ പരിശോധകരെ പിന്‍വലിയ്ക്കാന്‍ യു എസ് ആവശ്യപ്പെട്ടതായി അന്തര്‍ദേശീയ ആണവ ഊര്‍ജ്ജ ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ബറാദയാണ് പറഞ്ഞത്. 2003 മാര്‍ച്ച് 16 ഞായറാഴ്ച രാത്രിയാണ് യു എസിന്റെ ഈ സന്ദേശം കിട്ടിയത്. ഇക്കാര്യം ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയെ അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 17 തിങ്കളാഴ്ച തന്നെ സമിതി ഇതില്‍ തീരുമാനം എടുക്കും. ആയുധ പരിശോധകരെ പിന്‍വലിയ്ക്കാന്‍ 48 മണിയ്ക്കൂറെങ്കിലും വേണ്ടിവരും. ഇപ്പോള്‍ 60 പരിശോധകരും അവരുടെ സഹായികളുമാണ് ഇറാഖിലുള്ളത്.
ആയുധ പരിശോധകര്‍ക്ക് മടങ്ങി പോരാന്‍ ഇതുവരെ ഐക്യരാഷ്ട്ര സഭ ഉത്തരവൊന്നും നല്‍കിയിട്ടില്ല. പരിശോധന പൂര്‍ത്തിയാക്കാന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്ന് സുരക്ഷാ സമിതിയെ അറിയിയ്ക്കാന്‍ താന്‍ തയ്യാറെടുക്കുകയാണെന്ന് മുഖ്യ ആയുധ പരിശോധകന്‍ ഹാന്‍സ് ബ്ലിക്സ് വ്യക്തമാക്കിയിട്ടുണ്ട്. ചൊവാഴ്ച ബ്ലിക്സ് ഇത് സുരക്ഷാ സമിതിയെ അറിയിയ്ക്കും.
പരിശോധകരുമായി ഇറാഖിലെത്തിയ പല ഹെലികോപ്റ്ററുകളും മടങ്ങി പോന്നിരിയ്ക്കുകയാണ്. അവയുടെ ഇന്‍ഷുറന്‍സ് റദ്ദാക്കപ്പെട്ടതുകൊണ്ടാണ് മടങ്ങി പോന്നത്. വിമാനം ഉള്ളിലേയ്ക്ക് അനുവദിയ്ക്കുകയാണെങ്കില്‍ 48 മണിയ്ക്കൂറുകൊണ്ട് പരിശോധകര്‍ക്ക് ഇറാഖിന് പുറത്ത് വരാം. വിമാനം അനുവദിച്ചില്ലെങ്കില്‍ കാറിലും മറ്റും ഇറാഖില്‍ നിന്ന് പുറത്ത് കടക്കേണ്ടിവരും. ഇതിന് കൂടുതല്‍ സമയം ആവശ്യമായിവരും. ഹാന്‍സ് ബ്ലിക്സ് വ്യക്തമാക്കി.
ഇതിനിടെ അപ്രധാന സ്ഥാനങ്ങളിലുള്ള എല്ലാ ഉദ്വോഗസ്ഥരും ഇസ്രേല്‍, കുവൈറ്റ്, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് മടങ്ങണമെന്ന് യു എസ് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. യു എസ് തങ്ങളുടെ ഉദ്വോഗസ്ഥന്മാരെ പിന്‍വലിയ്ക്കുന്നത് യുദ്ധത്തിനുള്ള തയ്യാറെടുപ്പിന്റെ അവസാന നീക്കമായാണ് കണക്കാക്കുന്നത്.
ജര്‍മ്മനി ബാഗ്ദാദിലെ എംബസി അടച്ചു കഴിഞ്ഞു. ഇറാഖിലുള്ള ജര്‍മ്മന്‍കാര്‍ ഉടന്‍ അവിടം വിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കുവൈറ്റില്‍ നിന്നും മടങ്ങാന്‍ എല്ലാ ബ്രിട്ടീഷ് കാരോടും ബ്രിട്ടണും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതെല്ലാം യുദ്ധം ഉടന്‍ ഉണ്ടാവുമെന്ന സൂചനകളാണ് നല്‍കുന്നത്.












Click it and Unblock the Notifications