കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ഡസന്‍ ജാനുമാര്‍ വരും, സമരം തുടരും

  • By Staff
Google Oneindia Malayalam News

ബത്തേരി: എഴുത്തുകാരും കലാകാരന്മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും ബത്തേരിയില്‍ നടന്ന കണ്‍വെന്‍ഷനില്‍ ആദിവാസി സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭൂമി കിട്ടുംവരെ സമരം തുടരുമെന്ന് ആദിവാസികള്‍ വ്യക്തമാക്കി.

മുത്തങ്ങയില്‍ നടന്ന പൊലീസ് വെടിവയ്പില്‍ മരിച്ച ആദിവാസി ജോഗിയുടെ മകള്‍ സീതയാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. ആദിവാസികള്‍ക്ക് വേണ്ടിയാണ് തന്റെ അഛന്‍ ജീവത്യാഗം ചെയ്തതെന്നും അഛന്റെ സ്വപ്നം സഫലീകരിക്കാനായി എല്ലാ ആദിവാസികളും പ്രവര്‍ത്തിക്കണമെന്നും സീത പറഞ്ഞു.

സമരത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാവാത്ത ആദിവാസികളുടെ നിശ്ചയദാര്‍ഢ്യമാണ് മുത്തങ്ങ സംഭവത്തെ തുടര്‍ന്ന് അറസ്റ് ചെയ്യപ്പെട്ട കാട്ടിക്കുളം ആദിവാസി കോളനിയിലെ അമ്മിണിയുടെ പ്രസംഗത്തില്‍ പ്രതിഫലിച്ചത്. ഞങ്ങളുടെ സമരത്തെ ജാനുവിനെയെ ഗീതാനന്ദനെയോ ജയിലിലടച്ചതുകൊണ്ട് അടിച്ചമര്‍ത്താനാവില്ല. ഒരു ജാനു ജയിലിലാണെങ്കില്‍ സമരത്തിന് നേതൃത്വം നല്‍കാന്‍ ഒരു ഡസന്‍ ജാനുമാര്‍ മുന്നോട്ടുവരും. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭൂമി കിട്ടുംവരെ ഞങ്ങള്‍ സമരം നിര്‍ത്തില്ല.- അമ്മിണി പറഞ്ഞു.

മുത്തങ്ങ സംഭവത്തെ തുടര്‍ന്ന് കാണാതായ കുട്ടിയെ തേടി മുത്തങ്ങ കാട്ടില്‍ താനലഞ്ഞുവെന്ന് മാലു എന്ന ആദിവാസിസ്ത്രീ പറഞ്ഞു. ജയിലിലായ ഭര്‍ത്താവിനോട് കുട്ടിയെ കാണാനില്ലെന്ന വിവരം പറഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു.

എം. ടി. വാസുദേവന്‍നായരാണ് കണ്‍വെന്‍ഷനില്‍ അധ്യക്ഷത വഹിച്ചത്. ആദിവാസികളുടെ സമരം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ജനവികാരമുയര്‍ത്തുകയാണ് കണ്‍വെന്‍ഷന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഭുമി കിട്ടും വരെ ദു:ഖങ്ങള്‍ വെടിഞ്ഞ് സമരം തുടരണമെന്ന് ആദിവാസികളോട് എഴുത്തുകാരി സാറാ ജോസഫ് ആവശ്യപ്പെട്ടു. മുത്തങ്ങയിലെ സമരം ഒറ്റപ്പെട്ട സംഭവമല്ലെന്നും ഒരു സാമൂഹ്യപ്രശ്നത്തിന്റെ ഭാഗമാണെന്നും സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. എന്‍. പണിക്കര്‍ പറഞ്ഞു.

പുനത്തില്‍ കുഞ്ഞബ്ദുള്ള, പി. കെ. ഗോരി, വൈശാഖന്‍, കെ. പി. രാമനുണ്ണി, ആനന്ദ കനകം, മഞ്ചേരി സുന്ദര്‍രാജ്, അമ്പിളി, അറസ്റിലായ ഡയറ്റ് അധ്യാപകന്‍ കെ. കെ. സുരേന്ദ്രന്റെ ഭാര്യ ബേബി ഉഷ എന്നിവരും കണ്‍വെന്‍ഷനില്‍ സംസാരിച്ചു.

മുത്തങ്ങ സംഭവത്തെ കുറിച്ച് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കുക, ആദിവാസികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക, സര്‍ക്കാരും ആദിവാസി ഗോത്രമഹാസഭയും തമ്മിലുള്ള കരാര്‍ പ്രകാരമുള്ള വ്യവസ്ഥകളും ആദിവാസികളുടെ എല്ലാ ഭരണഘടനാപരമായ അവകാശങ്ങളും നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ കണ്‍വെന്‍ഷന്‍ ഉന്നയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X