റോബിന്‍ കുക്കിന്റെ രാജി; ബ്രിട്ടന് തിരിച്ചടി
ലണ്ടന്‍: ബ്രിട്ടീഷ് മന്ത്രിസഭയില്‍ നിന്ന് ഒരു മന്ത്രി കൂടി രാജി വച്ചു. ഹൗസ് ഓഫ് കോമണ്‍സ് നേതാവ് റോബിന്‍ കുക്കാണ് രാജിവച്ചത്. ഇറാഖിനെതിരെ ബ്രിട്ടന്‍ നടത്തുന്ന യുദ്ധനീക്കത്തില്‍ പ്രതിഷേധിച്ചാണിത്.
ബ്രിട്ടീഷ് മന്ത്രിസഭയുടെ അടിയന്തരയോഗത്തിലാണ് റോബിന്‍ കുക്ക് നാടകീയമായി രാജി പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്രസമിതിയുടെ അനുമതിയില്ലാതെ ബ്രിട്ടന്‍ ഇറാഖിനെതിരായ യുദ്ധവുമായി മുന്നോട്ട് പോകുന്നതിനാലാണ് താന്‍ രാജി സമര്‍പ്പിക്കുന്നതെന്ന് റോബിന്‍ കുക്ക് പറഞ്ഞു. ദു:ഖത്തോടെയാണ് താന്‍ രാജിവയ്ക്കുന്നതെന്നും റോബിന്‍ കുക്ക് പറഞ്ഞു.
നേരത്തെ ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറിയായിരുന്നു റോബിന്‍ കുക്ക്. അന്താരാഷ്ട്ര സമ്മതിയോ സ്വന്തം രാജ്യത്തിനകത്ത് നിന്ന് വേണ്ടത്ര പിന്തുണയോ ഇല്ലാതെ ബ്രിട്ടന്‍ ഇറാഖിനെതിരെ യുദ്ധത്തിനൊരുങ്ങുന്നതിന്റെ കൂട്ടുത്തരവാദിത്വമേല്ക്കാന്‍ താന്‍ തയ്യാറല്ലെന്നും റോബിന്‍ കുക്ക് പറഞ്ഞു. ബ്രിട്ടന്റെ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് സെക്രട്ടറി ക്ലെയര്‍ ഷോര്‍ട്ടും റോബിന്‍ കുക്കിന് പിന്നാലെ രാജിവച്ചേയ്ക്കുമെന്നറിയുന്നു. താന്‍ യുദ്ധത്തിനെതിരെ സംസാരിയ്ക്കുകയും ഒപ്പം യുദ്ധത്തെ അനുകൂലിയ്ക്കുന്ന പ്രധാനമന്ത്രിയോടൊപ്പം അതേ മന്ത്രിസഭയില്‍ അംഗമായിരിയ്ക്കുകയും ചെയ്യുന്നത് ധാര്‍മികമായി ശരിയല്ല. അതുകൊണ്ടാണ് രാജയെന്ന് റോബിന്‍ കുക്ക് വ്യക്തമാക്കിയിട്ടുണ്ട്.
ഇറാഖിനോടുള്ള സമീപനത്തിന്റെ പേരില്‍ ബ്രിട്ടനില്‍ ടോണി ബ്ലെയര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുകയാണ്. സമാധാനത്തിനായി കൂടുതല്‍ കൂടുതല്‍ റാലികള്‍ ബ്രിട്ടനില്‍ നടക്കുന്നു. സ്വന്തം പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയ്ക്കകത്തും ഇക്കാര്യത്തില്‍ ഭിന്നതകള്‍ നിലനില്ക്കുന്നു.












Click it and Unblock the Notifications