കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധഭീതി: മലയാളികള്‍ കുവൈത്ത് വിടുന്നു

  • By Staff
Google Oneindia Malayalam News

ദുബായ്: യുദ്ധഭീതി വര്‍ധിച്ചതോടെ കുവൈത്തില്‍ നിന്നും മലയാളികള്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. മാര്‍ച്ച് 19 ചൊവാഴ്ച ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ ഏതാനും മലയാളികള്‍ നാട്ടിലേക്ക് മടങ്ങി.

യുദ്ധം തുടങ്ങിയാല്‍ സദ്ദാം ഹുസൈന്‍ ജൈവ-രാസായുധങ്ങള്‍ പ്രയോഗിച്ചേക്കുമോ എന്ന ഭീതിയാണ് ഇന്ത്യക്കാരെ അലട്ടുന്നത്. ലോകത്തില്‍ എണ്ണയുല്പാദനത്തില്‍ രണ്ടാം സ്ഥാനത്താണ് ഇറാഖ്. യുദ്ധം തുടങ്ങിയാല്‍ മറ്റു ഗത്യന്തരമില്ലെങ്കില്‍ എണ്ണപ്പാടങ്ങള്‍ക്ക് ഇറാഖ് തീകൊളുത്തിയേക്കാമെന്നും സൂചനയുണ്ട്. അങ്ങിനെയെങ്കില്‍ അത് ഗള്‍ഫ് മേഖലയിലാകെ വലിയ പാരിസ്ഥിതിക ദുരന്തത്തിന് വഴിവയ്ക്കും.

എയറിന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അധിക ഫ്ലൈറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പക്ഷെ യുദ്ധം തുടങ്ങിയാല്‍ ഗള്‍ഫില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും നിലയ്ക്കും. ഇതും എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാന്‍ കുവൈത്തിലുള്ളവരെ പ്രേരിപ്പിക്കുന്നു.

കുവൈത്തിലെ ഒരു കമ്പനി 300 ഇന്ത്യക്കാരെ നാട്ടിലേക്കയക്കാന്‍ തീരുമാനിച്ചതായി കുവൈത്തിലെ ഇന്ത്യന്‍ എംബസിയിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ കെ.ജെ.എസ്. സോധി പറഞ്ഞു. ഇങ്ങിനെയെങ്കില്‍ നാട്ടിലേക്ക് അടുത്ത മണിക്കൂറുകളില്‍ വന്‍തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും സോധി പറഞ്ഞു.

എയറിന്ത്യ മാര്‍ച്ച് 18ന് 1,000 പേരെ നാട്ടിലെത്തിക്കുമെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും മാര്‍ച്ച് 20 വ്യാഴാഴ്ച മാത്രമേ സര്‍വീസ് തുടങ്ങൂ. ജംബോ വിമാനമാണ് എയറിന്ത്യ ഉപയോഗിക്കുകയെന്നതിനാല്‍ അധികം യാത്രക്കാരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയും.

നാട്ടിലേക്ക് കൂടുതല്‍ മലയാളികള്‍ മടങ്ങാന്‍ തയ്യാറായി വരുന്നുണ്ടെങ്കിലും സീറ്റുകള്‍ ലഭ്യമല്ലെന്നതാണ് സ്ഥിതിയെന്ന് ഗള്‍ഫ് മലയാളീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജന്‍ ഡാനിയേല്‍ പറഞ്ഞു. എയറിന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും അധികവിമാന സര്‍വീസുകള്‍ നടത്തുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അവശ്യസമയത്ത് അതൊന്നും നടപ്പാകാറില്ലെന്നും രാജന്‍ ഡാനിയേല്‍ കുറ്റപ്പെടുത്തി.

യാത്രാവിമാനങ്ങള്‍ക്ക് അപകടമൊന്നും സംഭവിക്കാത്ത സാഹചര്യം വരെ വിമാനത്താവളം തുറന്നുപ്രവര്‍ത്തിക്കുമെന്ന് കുവൈത്ത് സിവില്‍ എവിയേഷന്‍ അധികൃതര്‍ പറഞ്ഞു.

ഗള്‍ഫില്‍ ഇപ്പോള്‍ സിബിഎസ്ഇ പരീക്ഷകള്‍ നടക്കുകയാണ്. യുദ്ധം പരീക്ഷകളെ ബാധിക്കുമോ എന്ന ഭയപ്പാടിലാണ് ചില രക്ഷിതാക്കള്‍. അഞ്ച് പരീക്ഷകള്‍ കൂടി ഇനി നടക്കാനുണ്ട്. പക്ഷെ യുഎസ് മുന്നറിയിപ്പനുസരിച്ചാണെങ്കില്‍ മാര്‍ച്ച് 20 വ്യാഴാഴ്ച രാവിലെ സദ്ദാമിനുള്ള അന്ത്യശാസന സമയം കഴിയും. അതോടെ യുദ്ധം ആരംഭിച്ചേക്കുമെന്ന് കരുതുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X