യുദ്ധം തുടങ്ങാറായി
ബാഗ്ദാദ്: ഇറാഖിന് മേല്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന സൈനികനടപടി തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇപ്പോള്‍ കുവൈത്ത് -ഇറാഖ് അതിര്‍ത്തിയില്‍ യുഎസ് - ബ്രിട്ടീഷ് സേന വിന്യസിച്ചു കഴിഞ്ഞു.
യുദ്ധം ഒഴിവാകാനുള്ള വഴികളെല്ലാം അടഞ്ഞുകഴിഞ്ഞു. സദ്ദാം ഹുസൈനും മക്കളും 48 മണിക്കൂറുകള്‍ക്കകം രാജ്യം വിടണമെന്നാണ് മാര്‍ച്ച് 18 ചൊവാഴ്ച യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് നല്കിയ അന്ത്യശാസനം. സമയം തീരാന്‍ ഇനി മണിക്കൂറുകളേ ബാക്കിയുള്ളൂ.
രാജ്യം വിട്ടോടാന്‍ തയ്യാറല്ലെന്ന് സദ്ദാം വ്യക്തമാക്കികഴിഞ്ഞു. മാര്‍ച്ച് 20 വ്യാഴാഴ്ച രാവിലെയാണ് യുഎസ് അന്ത്യശാസനാസമയം തീരുന്നത്. പകല്‍ യുദ്ധം തുടങ്ങാന്‍ സാധ്യതയില്ല. അതായത് ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച രാത്രിയോ യുദ്ധം തുടങ്ങുമെന്നര്‍ത്ഥം.
ഐക്യരാഷ്ട്രസമിതിയുടെ സമ്മതമില്ലാതെയാണ് യുഎസും ബ്രിട്ടനും യുദ്ധത്തിനൊരുങ്ങുന്നത്. യുദ്ധത്തിനെതിരെ ചൈന, റഷ്യ, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങി ഒട്ടേറെ രാഷ്ട്രങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ പ്രതിഷേധങ്ങളെല്ലാം വകവയ്ക്കാതെയാണ് യുഎസും ബ്രിട്ടനും യുദ്ധത്തിനൊരുങ്ങുന്നത്.
ഗള്‍ഫിലുള്ള ലക്ഷക്കണക്കിന് മലയാളികള്‍ ഭീതിയിലാണ്. സദ്ദാമിന്റെ പക്കല്‍ ജൈവ രാസായുധങ്ങളുണ്ടെന്നതാണ് ഭീതി പടര്‍ത്തുന്നത്.
നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ ജൈവരാസായുധങ്ങള്‍ പ്രയോഗിച്ചാല്‍ അത് ഗള്‍ഫ്മേഖലയിലാകെ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. എണ്ണപ്പാടങ്ങള്‍ കത്തിക്കാനുള്ള സാധ്യതയും ഉണ്ട്. യുഎസിന് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്ന കുവൈത്തിനോട് സദ്ദാമിന് പകയുണ്ട്. ഇത് കുവൈത്തിനെതിരെ ആക്രമണം നടത്തിയേക്കാമെന്ന സാധ്യതയും ഉയര്‍ത്തുന്നു.
എന്തായാലും ഈ യുദ്ധം ഉണങ്ങാത്ത മുറിവായി ലോകമെങ്ങും അനുഭവിക്കും.












Click it and Unblock the Notifications