ഗള്‍ഫില്‍ നിന്നുള്ള പണം വരവ് കുറയുമോ?
എന്നാല്‍ 1991ലെ ഗള്‍ഫ് യുദ്ധക്കാലത്തേതു പോലെ സ്ഥിതിഗതികള്‍ വഷളായിട്ടില്ല. താരതമ്യേന കുറച്ചു മലയാളികള്‍ മാത്രമേ ഗള്‍ഫില്‍ നിന്ന് പ്രത്യേകിച്ച് കുവൈത്തില്‍ നിന്ന് മടങ്ങിയിട്ടുള്ളൂ.
ഏതാണ്ട് അറുന്നൂറോളം മലയാളികള്‍ യുദ്ധം തുടങ്ങിയതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഭയപ്പെടേണ്ട സ്ഥിതിയൊന്നുമില്ലെന്നാണ് ഇവര്‍ പറയുന്നത്.
യുദ്ധം സംസ്ഥാനത്തെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ലെന്ന് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ വി. രാമചന്ദ്രന്‍ പറഞ്ഞു. വളരെ കുറച്ചു പേര്‍ മാത്രമേ മടങ്ങിവന്നിട്ടുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുദ്ധം ഒരു താക്കീതാണ്. വിദേശ മലയാളികള്‍ പണം ബാങ്കുകളില്‍ നിക്ഷേപിക്കുകയും സുഖജീവിതത്തിന് ചെലവഴിക്കുകയും ചെയ്യുന്നതിന് പകരം ഉത്പാദനപരമായ മേഖലകളില്‍ പണം ഉപയോഗിക്കുകയാണ് വേണ്ടത്. 91ലും ഈ താക്കീത് നമുക്ക് ലഭിച്ചിരുന്നതാണ്. പക്ഷേ അത് നാം അവഗണിച്ചു- രാമചന്ദ്രന്‍ പറഞ്ഞു.
അതേ സമയം യുദ്ധം നീണ്ടുനിന്നാല്‍ കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെ അത് ബാധിക്കും. ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് കെട്ടിടനിര്‍മാണം മുതല്‍ കച്ചവടം വരെയുള്ള വിവിധ മേഖലകള്‍ സ്തംഭനാവസ്ഥയിലായിരുന്നു. യുദ്ധം നീണ്ടുനിന്നാല്‍ പഴയ സ്ഥിതിയുണ്ടാവുമോ എന്ന ഭീതിയുണ്ട്.
91 യുദ്ധം കഴിഞ്ഞതുമുതല്‍ ഗള്‍ഫ് മലയാളികള്‍ സമ്പാദിയ്ക്കുന്ന പണം ഗള്‍ഫ് നാടുകളിലെ ബാങ്കുകളില്‍ സൂക്ഷിയ്ക്കുന്നില്ല. കേരളത്തിലേയ്ക്ക് അയയ്ക്കുകയാണ് പതിവ്. ഇതുവരെ ഗള്‍ഫില്‍ ജോലിചെയ്യുന്ന ആരും തന്നെ യുദ്ധം കാരണം മടങ്ങി വന്നിട്ടില്ല. അതുകൊണ്ട് തന്നെ കേരളത്തിലേയ്ക്കുള്ള പണം വരവിന് കുറവുണ്ടാവില്ലെന്നാണ് കരുതുന്നത്.
ജോലി നഷ്ടപ്പെട്ട് ആളുകള്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേയ്ക്ക് വരാന്‍ തുടങ്ങിയാല്‍ കേരളത്തിലേയ്ക്കുള്ള പണത്തിന്റെ വരവില്‍ കുറവുണ്ടാവും. എന്നാല്‍ മാത്രമേ കേരളത്തിലെ സാമ്പത്തിക സ്ഥിതിയെ അത് പ്രതികൂലമായി ബാധിയ്ക്കുകയുള്ളൂ.












Click it and Unblock the Notifications