ബാഗ്ദാദ് കത്തിയെരിയുന്നു
സഖ്യസേനയുടെ യുദ്ധവിമാനങ്ങളില്‍ നിന്നുള്ള മിസ്സിലുകള്‍ പതിച്ച് നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തില്ലെന്ന യുഎസ് പ്രസ്താവന കാറ്റില്‍ പറത്തുന്നതായിരുന്നു തിങ്കളാഴ്ചത്തെ ആക്രമണം. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ ഒട്ടേറെ മിസ്സിലുകള്‍ പതിച്ചു. കുട്ടികളുടെയും സ്ത്രീകളുടെയും നിലവിളികള്‍ നിലയ്ക്കാതെ ഉയര്‍ന്നു.
സദ്ദാമിന്റെ ഏതാനും കൊട്ടാര വസതികളും നിലംപൊത്തി. തിങ്കളാഴ്ച ബാഗ്ദാദില്‍ തുടര്‍ച്ചയായി സഖ്യസേന മിസ്സിലുകള്‍ വര്‍ഷിച്ചു. ഏകദേശം 300 ല്‍ പരം ടോമഹോക് ക്രൂയിസ് മിസ്സിലുകളെങ്കിലും ബാഗ്ദാദില്‍ വീണതായി പറയുന്നു. അമ്പരപ്പും ഭീതിയും വിതയ്ക്കുന്ന ആക്രമണം തുടങ്ങിക്കഴിഞ്ഞെന്ന് യുഎസ്.
ബാഗ്ദാദ് പിടിച്ചടക്കുന്നതിന് മുമ്പ് ഇറാഖി സൈനികരുടെ മനോവീര്യം കെടുത്താനാണ് സഖ്യസേനയുടെ ഈ നീക്കം. ഇറാഖി സൈനികര്‍ ദുര്‍ബലമായ ചെറുത്തുനില്പുകള്‍ നടത്തുന്നുണ്ട്. മൂന്നാമതൊരു വിമാനം കൂടി ഇറാഖ് വെടിവച്ചിട്ടതായി ലിബിയയിലെ ദേശീയ ടെലിവിഷന്‍ അവകാശപ്പെട്ടു.
അധികം വൈകാതെ തടവുകാരായി പിടിച്ച യുഎസ് സൈനികരുടെ ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യുമെന്ന് ഇറാഖി ടെലിവിഷന്‍ കേന്ദ്രം അറിയിച്ചു. എന്നാല്‍ തടവുകാരുടെ ചിത്രം കാണിക്കുന്നത് ജനീവ കരാറിന്റെ ലംഘനമാണെന്ന് യുഎസ് പ്രതിരോധസെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് ആവര്‍ത്തിച്ചു. തങ്ങള്‍ പിടികൂടിയത് യുദ്ധത്തടവുകാരെയല്ല, യുദ്ധ കുറ്റവാളികളെയാണെന്ന് ഇറാഖിന്റെ വാര്‍ത്ത വിതരണമന്ത്രി.












Click it and Unblock the Notifications