മുത്തങ്ങ: പൊലീസ് നടപടി ശരിയെന്ന് ഐജി
തിരുവനന്തപുരം: മുത്തങ്ങയില്‍ നടന്ന പൊലീസ് അതിക്രമത്തെ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഐ ജി ജേക്കബ് പുന്നൂസിന്റെ റിപ്പോര്‍ട്ടില്‍ ന്യായീകരിയ്ക്കുന്നു.
നാല് ആദിവാസികള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ഐ ജി അന്വേഷണം നടത്തിയത്. ആദിവാസികള്‍ ബന്ദികളാക്കിയവരെ രക്ഷിക്കാന്‍ വേണ്ടി നടത്തി വെടിവയ്പ് പ്രഥമദൃഷ്ട്യാ ശരിയാണെന്നാണ് ഐ ജിയുടെ നിഗമനം. അതേ സമയം ബന്ദികളാക്കിയവരെ രക്ഷിയ്ക്കുന്നതിന് യാതൊരു ചര്‍ച്ചയ്ക്കും തയ്യാറാവാതെയാണ് വെടിവയ്പ് നടത്തിയതെന്നതിനെ കുറിച്ച് റിപ്പോര്‍ട്ട് മൗനം പാലിക്കുന്നു.
വെടിവയ്പിന് ശേഷം പല മൃതദേഹങ്ങളും പൊലീസ് കുഴിച്ചുമൂടുകയായിരുന്നുവെന്ന ആരോപണം ശരിയല്ല. ഒട്ടേറെ പേര്‍ വെടിവയ്പിന് ശേഷവും അവിടെയുണ്ടെന്നിരിക്കെ അത് സാധ്യമല്ലെന്ന് ഐ ജി വിശദമാക്കുന്നു. കൃത്യമായ തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ ഇതുസംബന്ധിച്ച് തുടരന്വേഷണം നടത്താവുന്നതാണ്.
അതേ സമയം 16 മണിക്കൂര്‍ മാധ്യമപ്രവര്‍ത്തകരെ സംഭവസ്ഥലത്തു നിന്ന് മാറ്റിനിര്‍ത്തിയെന്നതിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല.
മുത്തങ്ങയില്‍ വനഭൂമി കൈയേറിയത് തടയുന്നതില്‍ സര്‍ക്കാര്‍ അമ്മാന്തം കാണിച്ചതാണ് വെടിവയ്പില്‍ കലാശിച്ചതിന് കാരണമായതെന്നണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദിവാസികള്‍ കയ്യേറിയ സ്ഥലത്ത് കുടില്‍ കെട്ടുന്നതിന് മുമ്പുതന്നെ സര്‍ക്കാരിന് നടപടി സ്വീകരിയ്ക്കാമായിരുന്നു.
പൊലീസ് നടപടിയില്‍ രണ്ട് മുതല്‍ നാല് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വരെ പരിക്കേറ്റിട്ടുണ്ട്. പൊലീസ് നടപടി തുടങ്ങിയപ്പോള്‍ പോലും കുട്ടികളെ രക്ഷിയ്ക്കാന്‍ പൊലീസ് ശ്രമിച്ചിട്ടില്ലെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. കുടിലുകള്‍ കത്തിച്ചതും വീട്ടുസാധനങ്ങള്‍ നശിപ്പിച്ചതും നിയമവിരുദ്ധമാണ്.
ആദിവാസികളെ പൊലീസ് കസ്റഡിയില്‍ പീഡിപ്പിച്ചതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. അറസ്റ് സംബന്ധിച്ച സുപ്രിം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പൊലീസ് പാലിച്ചില്ലെന്ന ആരോപണത്തെ കുറിച്ച് പരിശോധിക്കാനിരിക്കുന്നതേയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications