ശബരിമലയ്ക്ക് വനഭൂമി നല്കണം: ദേവസ്വം
തിരുവനന്തപുരം: ശബരിമല വികസനത്തിന് 47 ഹെക്ടര്‍ വനഭൂമി വിട്ടുനല്കാന്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ശബരിമല സന്ദര്‍ശിക്കുന്ന കോടിക്കണക്കിന് വരുന്ന ഭക്തജനങ്ങള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്താനാണിതെന്നും ദേവസ്വം പറയുന്നു.
മാര്‍ച്ച് 26 ബുധനാഴ്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ചന്ദ്രാനന്ദന്‍ റോഡ് മുതല്‍ ശരം കുത്തി വരെ ഒരു അര്‍ധ-സ്ഥിര ക്യൂ സംവിധാനത്തിനുള്ള കോംപ്ലക്സ് ഉണ്ടാക്കാനാണ് ഈ ഭൂമിയെന്നും ബാബു പറഞ്ഞു. ഒപ്പം സന്നിധാനത്തിലേക്കുള്ള പാത വീതികൂട്ടണം. പമ്പയിലെ പാര്‍ക്കിംഗ് സൗകര്യം വിപുലപ്പെടുത്തുകയും വേണമെന്ന് ബാബു പറഞ്ഞു.
കേന്ദ്ര സാംസ്കാരി ടൂറിസം മന്ത്രി ജഗ്മോഹന്‍ അടുത്തുതന്നെ ശബരിമല സന്ദര്‍ശിക്കും. അപ്പോള്‍ ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുമെന്ന് കരുതുന്നു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി ഒരു ടൂറിസം പാക്കേജ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി 10 ബസുകള്‍ വാങ്ങാന്‍ കേന്ദ്രത്തോട് 1.5 കോടി സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ശബരിമലയില്‍ നിന്നുള്ള വരുമാനം 60 കോടിയാണ്. മുന്‍വര്‍ഷത്തേതിനേക്കാള്‍ 13 കോടി അധികം വരും. ഏകദേശം മൂന്നു കോടി ജനങ്ങള്‍ കഴിഞ്ഞ സീസണില്‍ ശബരിമല സന്ദര്‍ശിച്ചു. ഇത് മുന്‍വര്‍ഷത്തേതിനേക്കാള്‍ 20 ശതമാനം അധികമാണ്. - ബാബു പറഞ്ഞു.












Click it and Unblock the Notifications