യുദ്ധം: ഒരു ലക്ഷം കുട്ടികള്‍ മരണവക്കില്‍
ബാഗ്ദാദ്: കഴിഞ്ഞ നാല് ദിവസമായി കുടിവെള്ളം കിട്ടാതെ ബാഗ്ദാദിന് ദാഹിക്കുന്നു. യുഎസ് സഖ്യസേനയുടെ അതിരൂക്ഷമായ ബോംബാക്രമണത്തിലാണ് ബാഗ്ദാദിലെ കുടിവെള്ള വിതരണവും വൈദ്യുതിവിതരണവും തകരാറിലായത്.
കുടിവെള്ളമില്ലാത്തതുമൂലം കുട്ടികള്‍ മരിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഇറാഖില്‍ ഏതാണ് ഒരു ലക്ഷത്തോളം കുട്ടികള്‍ മരണവക്കിലാണെന്നും പറയുന്നു.
ഐക്യരാഷ്ട്രസഭ എണ്ണയ്ക്ക് പകരം ഭക്ഷണം എന്ന പദ്ധതി യുദ്ധം തുടങ്ങിയതോടെ നിര്‍ത്തലാക്കിയതും കാര്യങ്ങള്‍ വഷളാക്കി. ഈ പദ്ധതി വഴിയാണ് കഴിഞ്ഞ 12 വര്‍ഷമായി ഇറാഖില്‍ 60 ശതമാനം പൗരന്മാര്‍ക്കും ആവശ്യമായ ഭക്ഷണവും മരുന്നും ലഭിക്കുന്നത്.
കുവൈത്തില്‍ നിന്നും ഭക്ഷണവും വെള്ളവും നിറച്ച ഒരു ബ്രിട്ടീഷ് നാവികസേനാ കപ്പല്‍ ഇറാഖിലെ തുറമുഖമായ ഉം ഖസറിനടുത്ത് നങ്കൂരമിട്ട് നില്ക്കുകയാണ്. ഇവിടുത്തെ കടലില്‍ ഇറാഖ് സൈന്യം നിക്ഷേപിച്ചിരിയ്ക്കുന്ന ബോംബുകള്‍ മാറ്റിയ ശേഷമേ ഈ കപ്പലിന് ഉം ഖസറില്‍ സാധനങ്ങള്‍ ഇറക്കാന്‍ കഴിയൂ.
ഇതിനിടെ ഐക്യരാഷ്ടസമിതി യോഗം ചേരാനിരിയ്ക്കുകയാണ്. ഇറാഖിന്റെ എണ്ണയ്ക്ക് പകരം ഭക്ഷണം പദ്ധതി എത്രയും വേഗം പുനസ്ഥാപിയ്ക്കണമെന്ന അഭിപ്രായക്കാരനാണ് ഐക്യരാഷ്ടസഭാ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍.












Click it and Unblock the Notifications