ബസ്രയില്‍ ആഭ്യന്തര കലാപം
സി എന്‍ എന്നും ബി ബി സിയും പ്രധാനമായും വാര്‍ത്തയ്ക്കായി ആശ്രയിയ്ക്കുന്നത് സഖ്യസേനയെയാണ്. അതുകൊണ്ട് തന്നെ ഇതിന്റെ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന് പറയാനാവില്ല. ആക്രമണത്തിന്റെ തുടക്കം മുതല്‍ സഖ്യ സേന നടത്തുന്ന വ്യാജ വാര്‍ത്താ പ്രചാരണ പരിപാടിയുടെ ഭാഗമാണോ ഇതെന്ന് തെളിയാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും.
ഈ കലാപം യുഎസും ബ്രിട്ടനും നേരത്തെ പ്രതീക്ഷിച്ചതായിരുന്നുവത്രെ. കാരണം ബസ്രയില്‍ സദ്ദാമിനെ എതിര്‍ക്കുന്ന ഷിയാ മുസ്ലീങ്ങള്‍ ധാരാളമുണ്ട്. ഇവര്‍ 1991ലെ ഗള്‍ഫ് യുദ്ധകാലത്ത് സദ്ദാമിനെതിരെ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. പക്ഷെ അന്ന് സദ്ദാം അവരെ അടിച്ചൊതുക്കി. ഈ ഷിയാ മുസ്ലീങ്ങള്‍ സദ്ദാമിനെതിരെ കലാപം തുടങ്ങിയാല്‍ അത് മുതലാക്കി മുന്നേറാമെന്നാണ് യുഎസ്,ബ്രിട്ടീഷ് സേന കരുതിയിരുന്നത്. എന്നാല്‍ ആക്രമണം തുടങ്ങി ആറ് ദിവസം പിന്നിട്ടിട്ടും ഇത്തരമൊരു കലാപവും ഉണ്ടാകാതിരുന്നത് യുഎസ്,ബ്രിട്ടീഷ് സേനയെ തളര്‍ത്തിയിരുന്നു. അതിനിടയിലാണ് ഇത്തരമൊരു കലാപ വാര്‍ത്ത ആദ്യമായി ബസ്രയില്‍ നിന്നെത്തുന്നത്.
ഷിയാ മുസ്ലീങ്ങള്‍ സദ്ദാമിന്റെ ബാത്ത് പാര്‍ട്ടിക്കാര്‍ക്ക് നേരെ കലാപം തുടങ്ങിയെന്നും അതിനെ ഇറാഖി പട്ടാളം തോക്കുപയോഗിച്ച് നിഷ്കരുണം അടിച്ചമര്‍ത്തിയെന്നുമാണ് ബ്രിട്ടീഷ് സൈന്യത്തിന്റെ വിശദീകരണം.
എന്നാല്‍ അങ്ങിനെയൊരു കലാപവും ബസ്രയില്‍ ഉണ്ടായിട്ടില്ലെന്ന് ഇറാഖിന്റെ വാര്‍ത്താവിതരണ മന്ത്രി മുഹമ്മദ് സയീദ് അല്‍ സഹഫ് അല്‍ ജസീറ ടെലിവിഷനോട് പറഞ്ഞു. അതേ സമയം ജനങ്ങളുടെ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഇറാഖി പട്ടാളക്കാര്‍ക്ക് നേരെ ബ്രിട്ടീഷ് സേന വെടിയുതിര്‍ത്തുവെന്ന് ഐടിഎന്‍ എന്ന ബ്രിട്ടീഷ് ടിവി ചാനലിന്റെ റിപ്പോര്‍ട്ടര്‍ റിച്ചാര്‍ഡ് ഗെയ്സ്ഫോര്‍ഡ് പറയുന്നു.












Click it and Unblock the Notifications