ദേവസ്വം ബോര്‍ഡ് മതപാഠശാലകള്‍ തുടങ്ങുന്നു
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1027 ക്ഷേത്രങ്ങളില്‍ മതപാഠശാലകള്‍ തുടങ്ങും.
ഹിന്ദു കുട്ടികളുടെ ബുദ്ധിപരമായ ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മതപാഠശാലകള്‍ തുടങ്ങുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. ബാബു അറിയിച്ചു.
ഓരോ ക്ഷേത്രത്തിന്റെയും ക്ഷേത്രസംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലായിരിക്കും സ്കൂളുകള്‍ പ്രവര്‍ത്തിക്കുക. ഓരോ സ്കൂളിനും ദേവസ്വം ബോര്‍ഡ് വാര്‍ഷിക ധനസഹായമായി 750 രൂപ വീതം നല്‍കും. പ്രദേശത്തെ വിദഗ്ധരായിരിക്കും മത വിഷയങ്ങള്‍ പഠിപ്പിയ്ക്കുക.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ 87 മതപാഠശാലകള്‍ വിവിധ ക്ഷേത്രങ്ങളിലായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മതപാഠശാലകള്‍ തുടങ്ങുന്നതിന് പുറമേ ക്ഷേത്ര കലകള്‍ പഠിപ്പിയ്ക്കുന്നതിനായി ആറ് കേന്ദ്രങ്ങള്‍ കൂടി തുടങ്ങും. ക്ഷേത്രങ്ങളിലെ ചുമര്‍ ചിത്രങ്ങള്‍ സംരക്ഷിയ്ക്കുന്നതിനായി കൂടിയാണിത്. തിരുവനന്തപുരത്ത് ഉള്ളൂരില്‍ വയോജന കേന്ദ്രം തുടങ്ങാനും ദേവസ്വം ബോര്‍ഡ് ഉദ്ദേശിയ്ക്കുന്നുണ്ട്.
ശബരിമലക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്നവര്‍ക്ക് വിശ്രമിക്കുന്നതിന് ക്യാമ്പ് പണിയുന്നതിനായി ശരംകുട്ടിക്കടുത്ത് 25 ഏക്കര്‍ ഭൂമി അനുവദിക്കണമെന്ന് കേന്ദ്ര വിനോദസഞ്ചാര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പമ്പയില്‍ പാര്‍ക്കിംഗിനായി 25 ഹെക്ടര്‍ ഭൂമി അനുവദിക്കണമെന്നും കേന്ദ്രമന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications