യുദ്ധം നിര്‍ത്താന്‍ ഐക്യരാഷ്ട്രസഭയ്ക്ക് കഴിയുമോ?
ഐക്യരാഷ്ടസഭ (യുഎന്‍)യുടെ അനുമതിയില്ലാതെയാണ് യുഎസും ബ്രിട്ടനും ഇറാഖിനെതിരെ യുദ്ധം നടത്തുന്നത്. അതുകൊണ്ട് തന്നെ യുദ്ധം അവസാനിപ്പിക്കാന്‍ ഇപ്പോഴേ ദുര്‍ബലമായിക്കഴിഞ്ഞ യുഎന്നിന് കഴിയുമെന്ന് തോന്നുന്നില്ല. ഇനി യുഎന്‍ അത്തരമൊരു പ്രമേയം കൊണ്ടുവന്നാല്‍ തന്നെ യുഎസും ബ്രിട്ടനും അവരുടെ വീറ്റോ ഉപയോഗിച്ച് അതിനെ എതിര്‍ക്കും.
ഇനി യുഎന്നിന്റെ മുന്നില്‍ ഒരു വഴിയേയുള്ളൂ. ഈ യുദ്ധം അവസാനിച്ചശേഷം ഇറാഖിന്റെ പുനര്‍നിര്‍മ്മാണത്തിന് സഹായിക്കുക. ഒപ്പം മാനുഷിക ദുരന്തത്തില്‍ നട്ടംതിരിയുന്ന ഇറാഖില്‍ ഭക്ഷണവും വൈദ്യസഹായവും എത്തിക്കുക. അതില്‍ ഊന്നല്‍ നല്കാനായിരിക്കും യുഎന്നിന്റെ ശ്രമം.
അറബ് ലീഗും നാമും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന യുഎന്‍ പൊതുയോഗത്തില്‍ യുഎസ് ആക്രമണത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇറാഖില്‍ യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ആദ്യത്തെ യുഎന്‍ പൊതുയോഗമായിരുന്നു ഇത്.
യുദ്ധം ഉടനെ അവസാനിപ്പിക്കാന്‍ 22 അറബ് രാഷ്ട്രങ്ങള്‍ അംഗങ്ങളായുള്ള അറബ് ലീഗ് ശക്തമായി യുഎന്നിനോട് ആവശ്യമുയര്‍ത്തി. ഇറാഖില്‍ മാനുഷികദുരന്തങ്ങള്‍ വിതയ്ക്കുന്ന യുദ്ധം ഉടനെ നിര്‍ത്തണമെന്നാണ് അറബ് ലീഗ് ആവശ്യപ്പെടുന്നത്. ആക്രമണം നടത്തുന്ന രാജ്യങ്ങളോട് ഇറാഖില്‍ നിന്ന് ഉടന്‍ പിന്മാറാന്‍ ആവശ്യപ്പെടണം. ബസ്രയിലെയും ബാഗ്ദാദിലെയും ബോംബിംഗിലൂടെ യുഎന്നിന്റെ വിശ്വാസ്യത, മുഴുവന്‍ അന്താരാഷ്ട്ര സംവിധാനങ്ങളുടെയും വിശ്വാസ്യത നഷ്ടമായിരിക്കുന്നു.- ഐക്യരാഷ്ട്രസഭയിലെ അറബ് ലീഗിന്റെ പ്രതിനിധി യാഹ്യാ മഹ്മസ്സാനി പറഞ്ഞു.
ഇന്ത്യയുള്‍പ്പെടെയുള്ള 116 രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട നാം യുദ്ധം ഉടന്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമങ്ങളുടെ അടിത്തറയെ ചോദ്യം ചെയ്യുന്നതാണ് യുഎസ് ആക്രമണമെന്ന് ഐക്യരാഷ്ട്രസഭയിലെ നാം പ്രതിനിധി യാഹ്യാ സൈനുദ്ദീന്‍ പറഞ്ഞു. ടാങ്കുകള്‍ക്കും ഹെലികോപ്റ്റര്‍ ഗണ്‍ഷിപ്പുകള്‍ക്കും ജനാധിപത്യം കൊണ്ടുവരാന്‍ കഴിയില്ലെന്ന് യുഎസിന്റെ ഓപ്പറേഷന്‍ ഇറാഖി ഫ്രീഡം എന്ന വാക്കിനെ പരിഹസിച്ചുകൊണ്ട് ഇറാന്‍ അംബാസഡര്‍ ജാവദ് ശരീഫ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications