വ്യാപാരി സമരം: ചില ബസുടമകള്‍ വിട്ടുനില്ക്കും
കണ്ണൂര്‍: കേരളത്തില്‍ വാറ്റ് നടപ്പാക്കുന്നതിനെതിരെ വ്യാപാരികള്‍ നടത്തുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സമരം ചെയ്യാന്‍ തങ്ങളില്ലെന്ന് ബസുടമകളുടെ ഒരു സംഘടന. ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയാണ് വ്യാപാരി സമരത്തോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചത്.
വ്യാപാരി സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് ഏപ്രില്‍ ഒന്ന് ചൊവാഴ്ച ബസ്സുടമകള്‍ സമരം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് ബസുടമകളുടെ ഒരു സംഘടന സമരത്തില്‍ നിന്ന് വിട്ടുനില്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
മാര്‍ച്ച് 31 തിങ്കളാഴ്ച ഈ സംഘടനയുടെ ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉറപ്പിന്മേലാണ് സമരത്തില്‍ നിന്ന് വിട്ടുനില്ക്കുന്നതെന്ന് ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.സി. രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാറ്റ് നടപ്പാക്കുമ്പോള്‍ ബസ്സുടമകള്‍ക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പ് തന്നിട്ടുണ്ട്. ഡീസല്‍ വില ഉയരുന്നതുപോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അനുകൂല നടപടികള്‍ എടുക്കാമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സമരത്തിന്റെ ആവശ്യമില്ല. - രാമചന്ദ്രന്‍ പറഞ്ഞു.
എല്ലാ ബസുടമകളും സമരത്തില്‍ നിന്ന് വിട്ടുനില്ക്കണമെന്നും രാമചന്ദ്രന്‍ പറഞ്ഞു. അടിക്കടിയുള്ള സമരങ്ങളും ഡീസല്‍ വിലയിലുള്ള വര്‍ധനയും മൂലം ബസ്സുടമകള്‍ ഏറെ പ്രയാസം അനുഭവിക്കുന്നു. ഇതിന് പരിഹാരമുണ്ടാക്കാന്‍ ഗതാഗതമന്ത്രി ശ്രമിക്കണമെന്നും രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications