കശ്മീര്‍ അതിര്‍ത്തിയിലേയ്ക്ക് കൂടുതല്‍ സൈന്യം
ദില്ലി: ജമ്മു കശ്മീരിലേയ്ക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കുമെന്ന് പ്രതിരോധ വകുപ്പ് മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറഞ്ഞു. അതിര്‍ത്തിയിലേയ്ക്ക് പാകിസ്ഥാന്‍ പരിശീലനം നേടിയ 200,000 ജിഹാദികളെ അയച്ചിട്ടുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഇത്.
കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ മുറിവുണക്കല്‍ നയത്തിനെ ഫെര്‍ണാണ്ടസ് അനുകൂലിച്ചു. ഈ ജിഹാദികളില്‍ അഫ്ഗാന്‍കാരും പാകിസ്ഥാന്‍കാരും ഉണ്ടെന്നാണ് അറിയുന്നത്. കശ്മീര്‍ താഴ്വരയില്‍ എന്ത് അക്രമവും നടത്താന്‍ കഴിയുന്നവരാണത്രെ ഇവര്‍.
നന്ദിമാര്‍ഗ്ഗില്‍ 24 കശ്മീര്‍ പണ്ഡിറ്റുകളെ തീവ്രവാദികള്‍ കൊന്നതുകൂടി കണക്കിലെടുത്താണ് ഈ നീക്കം. കശ്മീരിലെ സുരക്ഷാ സംവിധാനത്തെക്കുറിച്ച് കൂടുതല്‍ കാര്യക്ഷമമായ നിരീക്ഷണം നടത്താനും ആലോചിയ്ക്കുന്നുണ്ട്. കശ്മീര്‍ താഴ്വരയിലേയ്ക്ക് ജിഹാദികളെ അയച്ചതായി ബ്രിട്ടനും, യു എസും സംശയിയ്ക്കുന്നുണ്ട്.
പാകിസ്ഥാന്‍ ലോകത്തെ ഏറ്റവും വലിയ തീവ്രവാദ രാഷ്ട്രമാണെന്നുള്ളതിന്റെ തെളിവാണ് ഇത്. തീവ്രവാദികളെ പാകിസ്ഥാന്‍ കശ്മീരിലേയ്ക്ക് അയച്ചെന്ന് ഇറാഖിനെതിരെ യുദ്ധം നയിയ്ക്കുന്ന രണ്ട് രാജ്യങ്ങളാണ് സമ്മതിയ്ക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഫെര്‍ണാണ്ടസ് പറഞ്ഞു.












Click it and Unblock the Notifications