നെല്ലിയാമ്പതിയില്‍ കൂടുതല്‍ ആദിവാസികള്‍ ഭൂമി കൈയേറി
പാലക്കാട്: പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലെ സര്‍ക്കാര്‍ ഓറഞ്ച് തോട്ടത്തില്‍ ആദിവാസികള്‍ വീണ്ടും ഭൂമി കൈയേറി.
കഴിഞ്ഞ 45 ദിവസമായി ഒരു വിഭാഗം ആദിവാസികള്‍ ഇവിടെ കുടില്‍ കെട്ടി സമരം ചെയ്യുന്നുണ്ട്. അതിന് പുറമേയാണ് മറ്റൊരു വിഭാഗം കൂടി മാര്‍ച്ച് 30 ഞായറാഴ്ച ഭൂമി കൈയേറി കുടില്‍ കെട്ടിയത്.
മുത്തങ്ങയിലും ഇതേപോലെ ആദിവാസികള്‍ കൈയേറി കുടില്‍ കെട്ടി സമരം നടത്തിയിട്ട് ഏറെ ദിവസം സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. പിന്നീടാണ് അത് അക്രമാസക്തമായ പ്രശ്നങ്ങളില്‍ കലാശിച്ചത്. സര്‍ക്കാര്‍ ഈ സമരത്തെക്കുറിച്ച് കാര്യമായി പ്രതികരിയ്ക്കുന്നുപോലുമില്ല. അതാണ് കൂടുതല്‍ ആദിവാസികള്‍ ഇവിടെ എത്തി വീണ്ടും കുടില്‍ കെട്ടാന്‍ തയാറായത്.
സ്ക്കാര്‍ വക ഓറഞ്ചുതോട്ടത്തിലെ ഗോവിന്ദാമലയിലാണ് പുതിയ കൈയേറ്റം. കെ. ടി. ഡി. സി യ്ക്ക് നല്‍കിയ 25 ഏക്കര്‍ തോട്ടത്തിലാണ് ഇവര്‍ കുടില്‍ കെട്ടിയിരിയ്ക്കുന്നത്. ആദിവാസി വികസന സമിതിയുടെ നേതൃത്വത്തിലാണ് ഈ സമരം. 50 കുടുംബങ്ങളാണ് ഇപ്പോള്‍ കൈയേറ്റം നടത്തിയിരിയ്ക്കുന്നത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് ആദിവാസി മൂപ്പന്‍ പൊന്നുസ്വാമിയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ സംഘമായി എത്തി ഭൂമി കൈയേറിയത്. ഞായറാഴ്ച രാവിലെ ആയപ്പോള്‍ അഞ്ച് കുടിലുകള്‍ കെട്ടിയിരുന്നു. തോട്ടത്തിലെ ജിവനക്കാര്‍ വന്ന് കുടില്‍ കെട്ടല്‍ തടഞ്ഞു.
ആദിവാസി സമുദായ സേവന സന്നദ്ധ സംഘമാണ് 45 ദിവസത്തിന് മുമ്പ് ഇവിടെ എത്തി കുടില്‍ കെട്ടി സമരം തുടങ്ങിയത്.
പുതിയതായി കുടിയേറിയ മിയ്ക്ക ആദിവാസികളും ഈ മേഖലയിലെ സ്വകാര്യ തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവരാണ്.












Click it and Unblock the Notifications