ഹര്‍ത്താലുകള്‍ക്ക് എതിരെ ഹര്‍ജ്ജി
കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികള്‍ ജനജീവിതത്തിന് തടസ്സമുണ്ടാക്കി ഹര്‍ത്താലുകള്‍ നടത്തുന്നതിനെതിരെ ഹൈ കോടതി ഡിവിഷന്‍ ബഞ്ച് പൊതു താല്പര്യ ഹര്‍ജ്ജി സ്വീകരിച്ചു. ഈ കേസില്‍ സി പി എം, സി പി ഐ, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
ഹര്‍ത്താലുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജിജി. സുപ്രീം കോടതി വക്കീലായ ശശിധരനാണ് ഹര്‍ജ്ജി നല്‍കിയിരിയ്ക്കുന്നത്. ജഡ്ജിമാരായ ജെ എല്‍ ഗുപ്ത, കുര്യന്‍ ജോസഫ് എന്നിവരാണ് കേസില്‍ നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സത്യവാങ്മൂലം നല്‍കാന്‍ ഒരുമാസം സമയം നല്‍കിയിട്ടുണ്ട്. പാര്‍ട്ടികള്‍ ഇത് നല്‍കിയില്ലെങ്കില്‍ എതിര്‍ കക്ഷികളുടെ അഭാവത്തില്‍ തന്നെ കോടതി കേസ് മുന്നോട്ട് കൊണ്ടുപോകും.
ഈയിടെ സി പി എം നടത്തിയ രണ്ട് ഹര്‍ത്താലുകളില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം പാര്‍ട്ടി നല്‍കണമെന്നും ഹര്‍ജ്ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനവിരുദ്ധമായ ഹര്‍ത്താലുകള്‍ നടത്തുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നും ഹര്‍ജ്ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷനെയും ഹര്‍ജ്ജിയില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.












Click it and Unblock the Notifications