രാജ്യസഭ: ഒടുവില്‍ തെന്നല സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: ഒഴിവുള്ള രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി വയലാര്‍ രവി, തെന്നല ബാലകൃഷ്ണപിള്ള എന്നിവര്‍ മത്സരിക്കും.
വയലാര്‍ രവി സ്ഥാനാര്‍ത്ഥിയാകുന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല. എന്നാല്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായാണ് തെന്നല കടന്നുകൂടിയത്.
നേരത്തെ ഒഴിവുള്ള രണ്ടു രാജ്യസഭാ സീറ്റുകളിലേക്ക് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് നല്കിയ കേരളത്തില്‍ നിന്നുള്ള മൂന്ന് കോണ്‍ഗ്രസുകാരുടെ പേരുകളില്‍ തെന്നല ഉണ്ടായിരുന്നില്ല. എഐസിസി ജനറല്‍ സെക്രട്ടറി വയലാര്‍ രവി, കോടോത്ത് ഗോവിന്ദന്‍നായര്‍, പി.സി. ചാക്കോ എന്നിവരുടെ പേരുകളാണ് മുരളീധരന്‍ നിര്‍ദേശിച്ചിരുന്നത്.
പി.സി. ചാക്കോയെ രാജ്യസഭാസ്ഥാനാര്‍ത്ഥിയാക്കരുതെന്ന കരുണാകരന്റെ പിടിവാശിക്ക് മുന്നില്‍ ഹൈക്കമാന്റും പ്രതിസന്ധിയിലായി. കോടോത്ത് ഗോവിന്ദന്‍നായരെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ മറുപക്ഷവും എതിര്‍ത്തു. എന്നാല്‍ കോടോത്ത് ഗോവിന്ദന്‍നായര്‍ക്ക് സീറ്റ് നല്കിയില്ലെങ്കില്‍ ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ രാജിവയ്ക്കും എന്നുവരെ കരുണാകരന്‍ ഭീഷണിപ്പെടുത്തി.
ഒടുവില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി തെന്നല ബാലകൃഷ്ണപിള്ള കടന്നുവരികയായിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്ക് മത്സരിക്കുന്നത് സിഐടിയു നേതാവ് കെ. ചന്ദ്രന്‍പിള്ളയാണ്. ഏപ്രില്‍ നാല് വെള്ളിയാഴ്ചയാണ് നാമനിര്‍ദേശപത്രിക നല്കാനുള്ള അവസാനദിവസം.












Click it and Unblock the Notifications