സദ്ദാമിന്റെ കൊട്ടാരത്തിന് നേരെ ആക്രമണം

ബാഗ്ദാദ്: മധ്യ ബാഗ്ദാദിലുള്ള സദ്ദാം ഹുസൈന്റെ കൊട്ടാരത്തിന് നേരെയും സഖ്യസേന ബോംബാക്രമണം നടത്തി. ഏപ്രില്‍ രണ്ട് ബുധനാഴ്ച പുലര്‍ച്ചെ 5.35നായിരുന്നു ആക്രമണം.
എത്രത്തോളം നാശനഷ്ടമുണ്ടായി എന്നറിവായിട്ടില്ല. കിഴക്കന്‍ ഇറാഖിലെ ഒരു പാലവും സഖ്യസേന വിമാനങ്ങള്‍ ബോംബിട്ട് തകര്‍ത്തു. ബുധനാഴ്ച രാവിലെ ബാഗ്ദാദില്‍ നിന്നും പല തവണ സ്ഫോടനശബ്ദം ഉയര്‍ന്നു കേട്ടു. 40 മിനിറ്റിന് ശേഷം ഇറാഖിന്റെ മിസ്സൈല്‍ വേധ തോക്കുകളും മിനിറ്റുകളോളം വെടിയുതിര്‍ത്തു.
കഴിഞ്ഞ ദിവസം യുഎസ്വിമാനങ്ങള്‍ ബാഗ്ദാദില്‍ നിന്നും 80 കിലോമീറ്റര്‍ തെക്കുള്ള ഹില്ല എന്ന പ്രദേശത്ത് സാധാരണജനങ്ങള്‍ക്ക് നേരെ ബോംബാക്രമണം നടത്തിയതായി ഇറാഖ് ആരോപിച്ചു. ഇതില്‍ 33 ഇറാഖികള്‍ കൊല്ലപ്പെട്ടതായും പറയുന്നു.
കര്‍ബലയില്‍ സഖ്യസേന നടത്തിയ ബോംബാക്രമണത്തില്‍ റിപ്പബ്ലിക്കന്‍ ഗാര്‍ഡുകളുടെ മദീന ഡിവിഷന്റെ കരുത്ത് പകുതിയായി കുറഞ്ഞിട്ടുണ്ടെന്ന് യുഎസ് അവകാശപ്പെട്ടു. റിപ്പബ്ലിക്കന്‍ സേനയെ നാമാവശേഷമാക്കിയിട്ടേ സഖ്യസേനയുടെ കരസേനാ വിഭാഗം ബാഗ്ദാദിലേക്കും സദ്ദാം ഭരണകൂടത്തിന്റെ ആസ്ഥാനത്തേക്കും പ്രവേശിക്കുകയുള്ളൂ എന്നും യുഎസ് വ്യക്തമാക്കി.












Click it and Unblock the Notifications