ശരത്ചന്ദ്രപ്രസാദ് ഇടയുന്നു
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി ടി. ശരത്ചന്ദ്രപ്രസാദ് കോണ്‍ഗ്രസില്‍ നിന്നും അകലുന്നു. കോണ്‍ഗ്രസ് വിട്ട് ജെ എസ് എസില്‍ ചേരുമെന്ന് വരെ അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു.
രാജ്യസഭാ സ്ഥാനാര്‍ഥിയായി നിര്‍ദശിക്കപ്പെട്ട തന്നെ ജാതിയുടെ പേര് പറഞ്ഞ് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ ഒഴിവാക്കുകയായിരുന്നുവെന്നാണ് ശരത്ചന്ദ്രപ്രസാദ് പറയുന്നത്.
വയലാര്‍ രവിയും താനും ഒരു ജാതിക്കാരനാണെന്ന് പറഞ്ഞാണ് തന്റെ പേര് ലിസ്റില്‍ നിന്നൊഴിവാക്കിയതെന്നും ഇത് നീതീകരിക്കാനാവില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ജാതിയുടെ പേരില്‍ തന്നോടുള്ള അവഗണന കുറച്ചു കാലമായി തുടരുകയാണെന്നും ശരത് ആരോപിക്കുന്നു.
ഐ ഗ്രൂപ്പിന്റെ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതില്‍ പോലും തന്നെ പരിഗണിച്ചില്ല. ഇതിന് പിന്നില്‍ മുരളീധരനാണ്. മുമ്പ് വയലാര്‍ രവി കെ പി സി സി പ്രസിഡന്റായിരുന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ രണ്ട് സ്ഥാനവും ഒരേ സമുദായത്തിന് നല്‍കാനാവില്ലെന്ന് പറഞ്ഞാണ് തന്നെ ഒഴിവാക്കിയത്. ഇപ്പോഴാകട്ടെ കെ പി സി സി പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, കെ എസ് യു പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എന്നിവര്‍ ഒരേ സമുദായത്തില്‍ പെട്ടവരാണ്- ശരത് ചൂണ്ടിക്കാട്ടുന്നു.
ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ശരത്. ജെ എസ് എസില്‍ ചേരാനാണ് തന്റെ തീരുമാനമെന്നാണ് അദ്ദേഹം നല്‍കുന്ന സൂചന.
എന്നാല്‍ ഇപ്പോള്‍ കാര്യമായ സ്ഥാനം ഒന്നും തന്നെ ഇല്ലാതെ നില്‍ക്കുന്ന ശരത്ചന്ദ്രപ്രസാദ് എന്തെങ്കിലും സ്ഥാനം നേടിയെടുക്കാനുള്ള സമ്മര്‍ദ്ദ തന്ത്രം പ്രയോഗിയ്ക്കുകയാണെന്നാണ് എ വിഭാഗം കോണ്‍ഗ്രസുകാര്‍ പറയുന്നത്. പാര്‍ട്ടി സ്ഥാനങ്ങള്‍ക്കായി ആളുകളെ തിരഞ്ഞെടുക്കുമ്പോള്‍ ജാതിയും മതവും നോക്കാറുള്ളത് ശരത്ചന്ദ്രപ്രസാദ് ഇപ്പോള്‍ മാത്രമാണോ അറിയുന്നതെന്നും അവര്‍ ചോദിയ്ക്കുന്നുണ്ട്.
എന്നാല്‍ ഈ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന ശരത് ചന്ദ്രപ്രസാദ് കരുണാകരനെതിരെ തിരിഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്. കരുണാകരന്‍ ആദ്യം ശരത്ചന്ദ്രപ്രസാദിന്റെ പേരാണ് നിര്‍ദ്ദേശിച്ചതെന്നും പിന്നീട് കെ മുരളീധരനാണ് അത് തട്ടിക്കളഞ്ഞതെന്നുമാണ് ശരത്ചന്ദ്രപ്രസാദിന്റെ ആരോപണം.












Click it and Unblock the Notifications