ഹൈക്കമാന്റ് ഉടന്‍ നടപടിയെടുക്കില്ല
ദില്ലി: രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ പോര് തുടരവെ ഉടന്‍ നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്റ്.
കേരളത്തിലെ പാര്‍ട്ടി ഘടകത്തില്‍ ഇപ്പോള്‍ പ്രശ്നങ്ങളുണ്ടെങ്കിലും അത് പരിഹരിക്കാവുന്നതേയുള്ളൂവെന്ന് പാര്‍ട്ടി വക്താവ് ജയപാല്‍ റെഡ്ഢി ദില്ലിയില്‍ പറഞ്ഞു. ഹൈക്കമാന്റ് പ്രതിനിധികള്‍ കേരളത്തിലെ നേതാക്കളുമായി ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോടോത്ത് ഗോവിന്ദന്‍ നായരെ വിമതസ്ഥാനാര്‍ഥിയായി നിര്‍ത്തി ഐ ഗ്രൂപ്പ് പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഏപ്രില്‍ ഏഴിന് മുമ്പായി ഹൈക്കമാന്റിന്റെ ഭാഗത്തു നിന്ന് നടപടിയൊന്നുമുണ്ടാവില്ലെന്നാണ് സൂചന.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അംബികാ സോണി കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനെ ചര്‍ച്ചക്കായി ദില്ലിയിലേക്ക് വിളിച്ചിട്ടുണ്ട്. അടുത്തയാഴ്ച മാത്രമേ തനിക്ക് ദില്ലിയിലെത്താന്‍ കഴിയൂവെന്നാണ് മുരളി അംബികാ സോണിയെ അറിയിച്ചത്.
വയലാര്‍ രവിയും തെന്നല ബാലകൃഷ്ണപിള്ളയുമാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികളെന്നും അതില്‍ മാറ്റമുണ്ടാവില്ലെന്നും ആവര്‍ത്തിക്കുമ്പോഴും ഉടന്‍ നടപടി സ്വീകരിക്കാതെ അനുനയത്തിന്റെ മാര്‍ഗത്തില്‍ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാന്റ്.












Click it and Unblock the Notifications