കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു: കൗണ്‍സില്‍
തിരുവനന്തപുരം: മുത്തങ്ങയിലെ പൊലീസ് നടപടിക്കിടയിലും അതിന് ശേഷവും ആദിവാസി കുട്ടികളെ പൊലീസ് അതിക്രൂരമായി മര്‍ദിച്ചിട്ടുണ്ടെന്ന് സംസ്ഥാന ശിശു ക്ഷേമ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദിവാസി കുട്ടികളെ പീഡിപ്പിയ്ക്കുകയും ജയിലിലടയ്ക്കുകയും ചെയ്തതിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടും.
പീഡിപ്പിക്കപ്പെട്ട ആദിവാസി കുട്ടികള്‍ക്ക് കൗണ്‍സില്‍ വൈദ്യ സഹായം നല്‍കും. ഒരു ശിശു മനശാസ്ത്രജ്ഞന്റെ സേവനവും ഉപയോഗപ്പെടുത്തും.
ഏതാനും ദിവസങ്ങള്‍ക്കുള്ള റിപ്പോര്‍ട്ടും ശുപാര്‍ശകളും മുഖ്യമന്ത്രി എ. കെ. ആന്റണിക്ക് നല്‍കുമെന്ന് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി സുനില്‍ സി. കുര്യന്‍ പറഞ്ഞു. കസ്റഡി മര്‍ദനം പോലും കുട്ടികള്‍ക്ക് ഏല്‍ക്കേണ്ടിവന്നിട്ടുണ്ടെന്ന് മുത്തങ്ങ സന്ദര്‍ശിച്ച സുനില്‍ പറഞ്ഞു.
മുപ്പതിലേറെ കുട്ടികള്‍ അഛനമ്മമാരില്‍ നിന്ന് പിരിഞ്ഞ് ആഴ്ചകളോളം ജയിലില്‍ കഴിയേണ്ടിവന്നിട്ടുണ്ട്. നാലും ആറും വയസും പ്രായമുള്ള രണ്ട് കുട്ടികള്‍ ഇപ്പോഴും അമ്മമാരോടൊപ്പം വൈത്തിരി ജയിലിലുണ്ട്. പൊലീസ് നടപടിക്കിടെ ഓടേണ്ടിവന്ന ഒരു സ്ത്രീയുടെ ഏഴ് ദിവസം പ്രായമുള്ള ഒരു കുട്ടി കാട്ടില്‍ വെച്ച് മരിച്ചു. പല കുട്ടികളുടെയും തലയിലും നെഞ്ചിലും ലാത്തിയടിയുടെയും ബൂട്ടിട്ട് ചവിട്ടിയതിന്റെയും പാടുകള്‍ കണ്ടു.
കുട്ടികള്‍ ഇപ്പോഴും ഭീതിയിലാണ്. പല കുട്ടികള്‍ക്കും മതിയായ ചികിത്സ ലഭിച്ചിട്ടില്ല. കുട്ടികളില്‍ ചിലര്‍ തലയിലെ മുറിവ് മൂലം ഇപ്പോഴും കഠിനമായ വേദന അനുഭവിക്കുന്നുണ്ട്. കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും പ്രത്യേക ചികിത്സ നല്‍കുകയും ചെയ്യും.
കോളനികളില്‍ തിരിച്ചറിയല്‍ പരേഡ് നടത്തുന്ന പൊലീസിനെ ഭയന്ന് പല ആദിവാസി പുരുഷന്മാരും ഇപ്പോഴും ജയിലിലാണ്. ഭയംമൂലം സ്ത്രീകള്‍ പുറത്തു നിന്നുള്ളവരോട് സംസാരിക്കാന്‍ തയ്യാറാവുന്നില്ല.
സ്കൂളുകളില്‍ പഠിക്കുന്ന ആദിവാസി കുട്ടികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെടും. സ്കൂളില്‍ പോവാത്തതുമൂലം പല കുട്ടികളുടെയും പേരുകള്‍ സ്കൂള്‍ രജിസ്ററുകളില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്.
ദേശീയ വനിതാ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും റിപ്പോര്‍ട്ടുകളയക്കുമെന്ന് സുനില്‍ പറഞു.












Click it and Unblock the Notifications