ആരും പത്രിക പിന്‍വലിച്ചില്ല
തിരുവനന്തപുരം: രാജ്യ സഭാ സീറ്റിലേയ്ക്ക് മത്സരിയ്ക്കാനായി പത്രിക സമര്‍പ്പിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ആരും പത്രിക പിന്‍വലിച്ചില്ല.
കോടോത്ത് ഗോവിന്ദന്‍ നായര്‍ പത്രിക പിന്‍വലിയ്ക്കുമെന്ന് കരുതിയിരുന്നു. അവസാന നിമിഷം പത്രിക പിന്‍വലിയ്ക്കേണ്ടിവന്നാലോ എന്ന് കരുതി കാസര്‍കോട് ഡി സി സി പ്രസിഡണ്ടായ കോടോത്ത് തിരുവനന്തപുരത്ത് തന്നെ തങ്ങുകയായിരുന്നു.
പല ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതൊന്നും പരിഹാരത്തിന്റെ ദിശയിലേയ്ക്ക് നീങ്ങുന്നില്ല. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പ്രശ്നം ഗുരുതരമാവുകയാണ്.
ഏപ്രില്‍ ഏഴ് തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് പത്രിക പിന്‍വലിയ്ക്കാനുള്ള സമയം കഴിഞ്ഞത്.
ആരും പത്രിക പിന്‍വലിച്ചില്ലെങ്കിലും ആര്‍ക്ക് വേണമെങ്കിലും പിന്നീട് മത്സരത്തില്‍ നിന്ന് പിന്മാറാം. പിന്നീട് ഉണ്ടാവുന്ന തീരുമാനം അനുസരിച്ച് ആരെങ്കിലും ഒരാള്‍ മത്സരത്തില്‍ നിന്ന് പിന്മാറിയാല്‍ മതി എന്നതാണ് ഹൈകമാണ്ട് നിലപാട്. ഹൈകമാണ്ട് എടുത്ത തീരുമാനത്തെയാണ് ഐ വിഭാഗം ചോദ്യം ചെയ്തിരിയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ പെട്ടന്ന് തന്നെ നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികളോട് പിന്മാറാന്‍ പറയുന്നത് നേതൃത്ത്വത്തിന്റെ മേധാവിത്തത്തിന് ഏല്‍ക്കുന്ന കളങ്കമാവും. കോടോത്തിനെകൊണ്ട് പത്രിക പിന്‍വലിപ്പിയ്ക്കാനായി ഐ വിഭാഗത്തിന്റെ ഉപാധികള്‍ അംഗീകരിച്ച് കൊടുക്കുന്നതും ഹൈകമാണ്ടിന് ക്ഷീണമാവും.
അത് ഒഴിവാക്കാനാണ് ഹൈകമാണ്ട് ഈ തന്ത്രം പയറ്റുന്നത്. ദിവസങ്ങള്‍ കഴിയുമ്പോള്‍ അന്തരീക്ഷം താനേ തണുക്കും, അപ്പോള്‍ ആരോടെങ്കിലും മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെടാം. തന്ത്രം രൂപീകരിയ്ക്കാനും കൂടിയാലോചനകള്‍ക്കും കൂടുതല്‍ സമയം കിട്ടുമെന്നതും ഇതിന് ഒരു കാരണമായി കരുതുന്നു. ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ വിജയിപ്പിയ്ക്കുക തന്നെയാണ് ഇപ്പോഴും ഹൈകമാണ്ടിന് ലക്ഷ്യം.
എന്നാല്‍ ഇതിനിടെ വയലാര്‍ രവിയെ മത്സരത്തില്‍ നിന്ന് പിന്തിരിപ്പിയ്ക്കാനായി ശ്രമം നടന്നിരുന്നു. ഇത് വെറും അഭ്യൂഹം മാത്രമാണെന്നാണ് രവി വിഭാഗത്തിന്റെ നിലപാട്. കോണ്‍ഗ്രസിന്റെ രക്ഷയ്ക്കായി താന്‍ പിന്മാറുന്നെന്ന പരിവേഷം നല്‍കി രവിയെ മഹാനാക്കുകയായിരുന്നത്രെ ഈ തന്ത്രത്തിന്റെ ലക്ഷ്യം. തരം പോലെ മറ്റെന്തെങ്കിലും സ്ഥാനം നേടുകയും ചെയ്യാം എന്നും രവി വിഭാഗം കരുതിയിരുന്നത്രെ.
പ്രശ്നത്തെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുരളീധരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ദില്ലിയ്ക്ക് വിളിച്ചിട്ടുണ്ട്.
യു.ഡി.എഫ് തലത്തിലും പ്രശ്നം തീര്‍ക്കാന്‍ നീക്കമാരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എ. കെ. ആന്റണിയും മുരളീധരനും ഏപ്രില്‍ ഏഴ് തിങ്കളാഴ്ച വൈകീട്ട് കൂടിക്കാഴ്ച നടത്തുമെന്നും കരുതുന്നു. ഉമ്മന്‍ ചാണ്ടി നടത്തുന്ന കേരള യാത്രയുടെ സമാപനത്തിനാണ് ഇരുവരും കാണാനിടയുള്ളത്. മുഖ്യമന്ത്രി എ. കെ. ആന്റണി രാവിലെ തന്നെ കാസര്‍കോട്ട് എത്തിയിട്ടുണ്ട്. പക്ഷേ രാവിലെ തന്നെ അവിടെ എത്തുമെന്ന് പറഞ്ഞ കെ. മുരളീധരന്‍ വൈകീട്ടേ എത്തുകയുള്ളു എന്ന് പിന്നീട് അറിയിച്ചു. മുരളിയുമായി ആന്റണി വൈകീട്ട് ചര്‍ച്ച നടത്തിയാല്‍ പ്രധാന ലക്ഷ്യം മുരളിയെ അനുനയിപ്പിയ്ക്കുകയായിരിയ്ക്കും.
എന്നാല്‍ മുരളി ഇതിന് വഴങ്ങുമെന്ന് തോന്നുന്നില്ല. പൊതുവേ ആന്റണിയ്ക്കെതിരേ കുറച്ച് കാലമായി വ്യക്തിപരമായ ആരോപണങ്ങള്‍ നടത്താത്ത മുരളി തിങ്കളാഴ്ച അതും ചെയ്തു. കോണ്‍ഗ്രസുകാര്‍ സി പി എമ്മിന്റെ കെണിയില്‍ പെടരുതെന്ന ആന്റണിയുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ നേരത്തെ സി പി എമ്മിനോടൊപ്പം പോയവരാണ് അക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതെന്നായിരുന്നു മുരളി തിങ്കളാഴ്ച പറഞ്ഞ മറുപടി. ഇത്, ആന്റണിയുടെ വാക്കുകള്‍ മുരളിയുടെ ചൂട് തണുപ്പിയ്ക്കില്ലെന്നതിന് തെളിവായി വേണം കാണാന്‍.
എന്ത് വന്നാലും ഒരു വിട്ടുവീഴ്ചയ്ക്കും താനില്ലെന്ന് കരുണാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നത്തിന് പരിഹാരം കാണേണ്ടത് മറ്റ് ചിലരാണെന്നാണ് കരുണാകരന്റെ നിലപാട്.
ഇത് വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയ രംഗത്ത് ചൂടുള്ള സംഭവ വികാസങ്ങള്‍ ഉണ്ടാക്കിയേയ്ക്കും.












Click it and Unblock the Notifications