തുണി വിറ്റഴിക്കാനും ഇറാഖ് യുദ്ധം
കൊച്ചി: കെട്ടിക്കിടക്കുന്ന സ്റോക്കുകള്‍ വിറ്റഴിക്കാന്‍ റെഡിമെയ്ഡ് തുണി വില്പനക്കാര്‍ യുദ്ധത്തെ മറയാക്കുന്നു. ഇറാഖ് യുദ്ധം- വിപണി പ്രതിസന്ധിയില്‍- വില കുത്തനെ താഴുന്നു- ഈയിടെ മലയാള പത്രങ്ങളില്‍ വന്ന പരസ്യമാണിത്.
കൊച്ചിയിലെ ഇംപീരിയല്‍ ട്രേഡ് സെന്ററില്‍ നടക്കുന്ന തുണി വില്പനസ്റാളിന്റെ പരസ്യമാണിത്. വാസ്തവത്തില്‍ ഇറാഖ് യുദ്ധവും കേരളത്തിലെ തുണി വിപണിയും തമ്മിലെന്ത് ബന്ധം? ചിന്തിച്ചുനോക്കിയാല്‍ ഒരു ബന്ധവുമില്ല. ഇറാഖ് യുദ്ധം കേരളത്തിലെ തുണി വിപണിയെ നേരിട്ട് ബാധിക്കുന്നതായി അറിവില്ല. അപ്പോള്‍ പിന്നെ ഈ പരസ്യതന്ത്രത്തിന്റെ അര്‍ത്ഥം? മറ്റൊന്നുമല്ല, യുദ്ധത്തിന്റെ വികാരം മുതലാക്കി കെട്ടിക്കിടക്കുന്ന സ്റോക്കുകള്‍ വിറ്റഴിക്കാന്‍ റെഡിമെയ്ഡ് തുണി വ്യാപാരികള്‍ ഒരുക്കുന്ന തന്ത്രം മാത്രം.
ഇത്തരത്തില്‍ യുദ്ധത്തിന്റെ പേരില്‍ കുറഞ്ഞ തുകയ്ക്ക് ടി-ഷര്‍ട്ടുകളും കാര്‍ഗോ പാന്റുകളും ബ്രേസിയറുകളും വിറ്റഴിക്കുന്ന തുണി വില്പന സ്റാളുകള്‍ കൊച്ചിയില്‍ കൂടുതലായി ഉയര്‍ന്നുവരികയാണ്. നേരത്തെ 2001 സപ്തംബര്‍ 11ന് യുഎസില്‍ തീവ്രവാദി ആക്രമണമുണ്ടായപ്പോഴും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ കുറഞ്ഞ ചെലവില്‍ വിറ്റഴിക്കുന്ന സ്റാളുകള്‍ കൊച്ചിയില്‍ കൂണുകള്‍ പോലെ പൊട്ടിമുളച്ചിരുന്നു.
എന്തൊക്കെയായാലും ഈ പ്രത്യേക തുണിവില്പന സ്റാളുകളില്‍ സാധാരണത്തേതിനേക്കാള്‍ പകുതി വിലയ്ക്ക് സാധനങ്ങള്‍ കിട്ടുന്നതിനാല്‍ തിരക്കേറെയാണ്. 495 രൂപ മുതല്‍ 650 രൂപ വരെ വിലയ്ക്ക് വിറ്റിരുന്ന കാഷ്വല്‍സും ഫോര്‍മല്‍ ഷര്‍ട്ടുകളും ഇപ്പോള്‍ 275 രൂപയ്ക്കാണ് വില്ക്കുന്നത്. ബ്രേസിയറുകളും പാന്റീസും 20 രൂപയ്ക്കും അണ്ടര്‍വെയറുകള്‍ 30 രൂപയ്ക്കുമാണ് വില്ക്കുന്നത്. ഇംപീരയല്‍ ട്രേഡ് സെന്ററിലെ തുണി വില്പന സ്റാളില്‍ തിരക്ക് ഒഴിയുന്നതേയില്ല.












Click it and Unblock the Notifications