തര്‍ക്കം പരിഹരിക്കാനാവാതെ മുരളി
ദില്ലി: രാജ്യസഭാ സീറ്റ് തര്‍ക്കം പരിഹരിക്കാനാവാതെ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ വിഷമിക്കുന്നു. ദില്ലിയില്‍ ഏപ്രില്‍ ഒമ്പത് ബുധനാഴ്ച കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി അംബികാ സോണിയുമായി മുരളീധരന്‍ കൂടിക്കാഴ്ച നടത്തി.
എങ്കിലും ഇതുവരെയും പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇടഞ്ഞുനില്ക്കുന്ന കരുണാകരനെ അനുനയിപ്പിക്കാന്‍ കഴിയുന്നില്ലെന്നതാണ് മുരളീധരനെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത്. അവസാനനിമിഷമെങ്കിലും പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ പല തലങ്ങളില്‍ ചര്‍ച്ച തുടരുകയാണ്. മിക്കവാറും ബുധനാഴ്ച രാത്രിയ്ക്കകം തീരുമാനമുണ്ടാകുമെന്നറിയുന്നു.
ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രശ്നത്തില്‍ ഹൈക്കമാന്റ് നിലപാട് മാറ്റാന്‍ തയ്യാറല്ല. കോടോത്ത് ഗോവിന്ദന്‍നായരെ മത്സരരംഗത്ത് നിന്നും പിന്‍വലിപ്പിക്കാന്‍ കെ. കരുണാകരനോട് മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ അതിന് തയ്യാറല്ലെന്നാണ് കരുണാകരന്‍ അറിയിച്ചതെന്നും മുരളി പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രശ്നത്തില്‍ തന്റെ അഭിപ്രായം ഇപ്പോള്‍ പുറത്തുപറയുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications