പാമോയില്‍ കേസ്: കരുണാകരന് ജാമ്യം
തിരുവനന്തപുരം: പാമോയില്‍ അഴിമതിക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ. കരുണാകരനും ടി.എച്ച്. മുസ്തഫയും വിജിലന്‍സ് കോടതിയില്‍ ഹാജരായി. ഏപ്രില്‍ ഒമ്പത് ബുധനാഴ്ച ഹാജരായ ഇരുവര്‍ക്കും കോടതി ജാമ്യം നല്കി.
ജഡ്ജി എന്‍.കെ. ബാലകൃഷ്ണനാണ് ഇരുവര്‍ക്കും ജാമ്യം നല്കിയ കാര്യം അറിയിച്ചത്. കേസ് വിചാരണയ്ക്കായി മെയ് ആറിലേക്ക് നീട്ടിയതായും അദ്ദേഹം അറിയിച്ചു. രാവിലെ കോടതിയില്‍ ഹാജരാകനെത്തിയ കരുണാകരനെയും മുസ്തഫയെയും കാത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ തിങ്ങിക്കൂടിയിരുന്നു.
സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ നിന്നും 1991ല്‍ 15,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് അഴിമതിക്കേസുണ്ടായത്. ഈ ഇടപാടില്‍ സര്‍ക്കാര്‍ ഖജനാവിന് 2.8 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നതാണ് കരുണാകരനും മുസ്തഫയ്ക്കും എതിരായ കുറ്റം.
ഈ കേസില്‍ കുറ്റക്കാരായ ഇപ്പോഴത്തെ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എംഡി ജിജി തോംസണും മറ്റ് രണ്ട് വ്യവസായപ്രമുഖരും കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു.
പാമോയില്‍ കേസില്‍ പ്രതികളായ മുന്‍ ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍, മുന്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് സെക്രട്ടറി പി.ജെ. തോമസ്, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു എന്നിവര്‍ ഏപ്രില്‍ രണ്ടിന് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു.












Click it and Unblock the Notifications