നിരീക്ഷകനായി ഗുലാം നബി എത്തും
തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 14 ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിരീക്ഷകനായി ഗുലാം നബി ആസാദ് എത്തും. ഇദ്ദേഹത്തിന് പുറമേ മറ്റൊരു നിരീക്ഷകന്‍ കൂടി ഉണ്ടാവുമെന്നാണ് എ ഐ സി സി വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ജമ്മുകശ്മീര്‍ കോണ്‍ഗ്രസ് പ്രസിണ്ടാണ് ഗുലാം നബി ആസാദ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇദ്ദേഹത്തിനായിരുന്നു കേരളത്തിന്റെ ചുമതല. ആസാദ് 12 ന് തന്നെ തിരുവനന്തപുരത്ത് എത്തും. കോണ്‍ഗ്രസ് എം. എല്‍. എ മാരുമായി കൂടികാഴ്ച നടത്താനും കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയ്ക്ക് മാത്രമേ വോട്ട് ചെയ്യാവൂ എന്ന് വീണ്ടും എല്ലാപേരോടും പറയാനുമായാണ് ആസാദ് നേരത്തേ എത്തുന്നത്.
ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതെന്ന് കാണിച്ച് എല്ലാ എം എല്‍ എ മാര്‍ക്കും കെ പി സി സി പ്രസിഡണ്ട് കെ. മുരളീധരന്‍ കത്ത് അയച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ലജിസ്ലേച്ചര്‍ പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എല്ലാപേര്‍ക്കും ഇത് സംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ട്.
ഐ വിഭാഗവും എ വിഭാഗവും വോട്ടുകള്‍ ഉറപ്പാക്കാനായി തകൃതിയായി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കരുണാരവിഭാഗം നിറുത്തിയ കോടോത്ത് രാജ്യസഭയില്‍ എത്തുന്ന കാര്യത്തില്‍ സംശയം ഒന്നും വേണ്ടെന്ന് കരുണാകരന്‍ വീണ്ടും വീണ്ടും പറയുന്നുണ്ട്.
ഐ വിഭാഗം വോട്ടുകള്‍ക്ക് പുറമേ ആര്‍ എസ് പി - ബി, കേരളാ കോണ്‍ഗ്രസ് പിള്ള, കേരളാ കോണ്‍ഗ്രസ് ജേക്കബ് എന്നിവരുടെ വോട്ടുകള്‍ കൂടി കിട്ടുമെന്നാണ് കരുണാകര വിഭാഗം വിശ്വസിയ്ക്കുന്നത്. ഇതിന് പുറമേ പ്രതിപക്ഷത്തിന്റെ നാല് വോട്ടുകളും കരുണാകര വിഭാഗം പ്രതീക്ഷിയ്ക്കുന്നു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സി പി എം സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ സി പി എമ്മിനെ പൂര്‍ണ്ണമായി വിശ്വസിയ്ക്കാന്‍ കൊള്ളില്ലെന്നാണ് കരുണാകര വിഭാഗം വിശ്വസിയ്ക്കുന്നത്.












Click it and Unblock the Notifications