ബാഗ്ദാദില്‍ അരാജകത്വം

ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനനഗരത്തില്‍ അരാജകത്വം കൂടുതല്‍ ശക്തമാകുന്നു. പകല്‍കൊള്ളകള്‍ വ്യാപകമാണ്. ഒപ്പം മോഷ്ടാക്കളെ നേരിടാന്‍ കടയുടമകളും മറ്റും സജീവമായതോടെ ഏറ്റുമുട്ടലുകളും വ്യാപകമാണ്.
വെള്ളിയാഴ്ച മോഷണം നടത്താന്‍ ശ്രമിച്ച 25 പേര്‍ക്ക് കടയുടമകളുടെ വെടിയേറ്റു. ബാഗ്ദാദിലെ ഒരു ആശുപത്രിയിലാണ് ഇവരെല്ലാം ചികിത്സയ്ക്കെത്തുന്നതെന്നതിനാല്‍ ഇവിടെ സ്ഫോടനാത്മകമായ അന്തരീക്ഷമാണെന്ന് റെഡ്ക്രോസ് പ്രവര്‍ത്തകര്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കാവുന്നതില്‍ എത്രയോ അധികം രോഗികളാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. അതിന് പുറമെയാണ് വെടിയേറ്റ മോഷണക്കാരും ചികിത്സ തേടിയെത്തുന്നത്.
ഇതിനിടെ വടക്കന്‍ ഇറാഖിലെ മൊസൂലില്‍ ചെറുത്തുനില്പു തുടരുന്ന സദ്ദാം സേനയ്ക്ക് നേരെ യുഎസ്-കുര്‍ദ്ദിഷ് സംയുക്തസേന മുന്നേറുകയാണ്. പൊരുതുന്ന സദ്ദാമിന്റെ സേനാംഗങ്ങള്‍ കീഴടങ്ങാനുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെന്ന് യുഎസ് സേനാംഗങ്ങള്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം യുഎസ് സേനയുടെ പിന്തുണയോടെ കിര്‍ക്കുക്ക് നഗരം പിടിച്ച ശേഷമാണ് ഇപ്പോള്‍ കുര്‍ദ്ദ് സേന മൊസൂല്‍ പിടിക്കാന്‍ ശ്രമിക്കുന്നത്. അതേ സമയം കുര്‍ദ്ദുകള്‍ കിര്‍ക്കുക്കും മൊസൂലും പിടിച്ചാല്‍ തങ്ങള്‍ സേനയെ അയയ്ക്കുമെന്ന് തുര്‍ക്കി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പ്രശ്നം വഷളാവാതിരിക്കാന്‍ തുര്‍ക്കി ഭരണകൂടവുമായി യുഎസ് നിരന്തരം ബന്ധപ്പെട്ടുവരുന്നുണ്ട്.












Click it and Unblock the Notifications