സമൃദ്ധിയുടെ നിറവോടെ വിഷു
തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും കാര്‍ഷികനന്മകളുടെയും ഓര്‍മ്മകളുണര്‍ത്തി ഒരു വിഷു കൂടി. വിഷുക്കണി കണ്ടും വിഷുക്കൈനീട്ടം നല്കിയും പുത്തന്‍ കോടിയുടുത്തും മലയാളികള്‍ വിഷു ആഘോഷത്തിന്റെ ആഹ്ലാദത്തില്‍.
എല്ലാ വര്‍ഷവും മേടം ഒന്നാം തീയതിയാണ് വിഷുവെങ്കിലും ഇക്കുറി മേടം രണ്ടാം തീയതിയാണ് വിഷു. 25 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മേടം രണ്ടാം തീയതി വിഷു ആഘോഷം വരുന്നത്. മലയാളികളെ സംബന്ധിച്ചിടത്തോളം പഴയ മലയാള കലണ്ടര്‍ പ്രകാരം പുതുവത്സരദിനം കൂടിയാണ് വിഷു. പുതിയ മലയാളം കലണ്ടര്‍ പ്രകാരം മേടം ഒമ്പതാം മാസമാണ്.
വെള്ളരിയും വാല്‍ക്കണ്ണാടിയും വെള്ളിനാണയങ്ങളും കൊന്നപ്പൂക്കുലയും നിറച്ച ഓട്ടുരുളിയിലേക്ക് കണ്‍മിഴിച്ചാണ് ഏപ്രില്‍ 15 ചൊവാഴ്ച പുലര്‍ച്ചെ കേരളം ഉണര്‍ന്നത്. മുതിര്‍ന്നവര്‍ കണി കാണല്‍ ചടങ്ങിന് ശേഷം ഇളയവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം വെള്ളിനാണയം കൈനീട്ടമായി നല്കി.
നഗരങ്ങളിലെല്ലാം വിഷുക്കണി കിറ്റുകളുടെ വില്പന ധാരാളമായി നടന്നു. കൊന്നപ്പൂക്കള്‍ക്കും ഇക്കുറി നഗരങ്ങളിലെ വിപണിയില്‍ തീവിലയായിരുന്നു. ചക്ക എരിശ്ശേരി കൂട്ടിയുള്ള വിഷുസദ്യയും വിഷുക്കഞ്ഞിയും വിഷുക്കട്ടയും വീടുകളില്‍ ഒരുക്കിയിരുന്നു.
വിഷുവിന് സമാനമായ ആഘോഷങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. ആന്ധ്രയില്‍ ഉഗാദിയും അസമില്‍ ബിഹുവും പഞ്ചാബില്‍ ബൈശാഖിയും ഇതേ ദിവസങ്ങളില്‍ ആഘോഷിക്കുന്നു.












Click it and Unblock the Notifications