സോണിയ രണ്ടു വട്ടം ചിന്തിച്ചേയ്ക്കും
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് വിമതര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് ഏപ്രില്‍ 16 ബുധനാഴ്ച ചേരുന്ന ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് പറഞ്ഞു കേള്‍ക്കുന്നു. പക്ഷെ ഇന്നത്തെ നിലയില്‍ കരുണാകരനെതിരെ നടപടിയെടുക്കാന്‍ സോണിയ രണ്ടുവട്ടം ചിന്തിയ്ക്കുമെന്നാണ് കരുതുന്നത്.
കാരണം രാജ്യസഭാ തിരഞ്ഞെടുപ്പ് കരുണാകരന്റെ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു. കേരളത്തിലെ കരുണാകരവിരുദ്ധര്‍ പലരും കരുണാകരന്റെ ശക്തി കുറച്ചുകാണിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സോണിയയ്ക്ക് നല്കിയിരുന്നത്. കോടോത്തിന് 18 വോട്ടുകളേ ലഭിക്കൂ എന്ന് ചിലര്‍ പറഞ്ഞപ്പോള്‍ പരമാവധി 20 വോട്ടുകളേ ലഭിയ്ക്കു എന്ന് മറ്റു ചിലരും വാദിച്ചു. സോണിയ ഇത് വിശ്വസിയ്ക്കുകയും ചെയ്തു. വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ കോടോത്തിന്റെ പെട്ടിയില്‍ വീണത് 26 വോട്ടുകളാണ്.
ഔദ്യോഗിക സ്ഥാനാര്‍ത്ഥികളില്‍ രണ്ടാമനായ തെന്നല ബാലകൃഷ്ണപിള്ള കഷ്ടിച്ചാണ് ജയിച്ചത്. 36 വോട്ടുകളേ തെന്നലയ്ക്ക് ലഭിച്ചുള്ളൂ. ഒരു വോട്ട് കൂടി തെന്നലയ്ക്ക് കുറഞ്ഞുപോയിരുന്നെങ്കില്‍ സംഗതി കുഴപ്പത്തിലായേനെ. ഇതിനെ തുടര്‍ന്നാണ് സോണിയാഗാന്ധി കരുണാകരന്റെ കാര്യത്തില്‍ ചിന്താക്കുഴപ്പത്തിലാകുന്നത്.
കാരണം 2004ല്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ദില്ലി പിടിയ്ക്കണമെങ്കില്‍ സോണിയയ്ക്ക് കരുണാകരന്റെ സഹായം കൂടിയേ തീരൂ. കരുണാകരനെ പിണക്കിയാല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ ശക്തി തകര്‍ന്നേക്കുമെന്ന് സോണിയ കരുതുന്നു.
എന്തായാലും ഹൈക്കമാന്റ് യോഗത്തിന് മുമ്പായി കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് നേതാക്കളുമായും പലവട്ടം സോണിയ ബന്ധപ്പെട്ടു. രാജ്യസഭാ തിരഞ്ഞെടുപ്പുയര്‍ത്തിയ പൊടിപടലങ്ങള്‍ ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. അതിനിടയില്‍ കെപിസിസി പ്രസിഡന്റിനെതിരെയോ കരുണാകരന്‍ ഗ്രൂപ്പിനെതിരെയും നടപടിയെടുത്താല്‍ പ്രശ്നം കുഴപ്പത്തിലാകുമെന്ന് സോണിയയ്ക്കറിയാം. അതുകൊണ്ട് തല്ക്കാലം ഒരു നടപടിയ്ക്ക് സോണിയ മുതിരില്ലെന്നാണ് കരുതുന്നത്.












Click it and Unblock the Notifications