വിപ്രോയുടെ ലാഭം കുറഞ്ഞു
ബാംഗ്ലൂര്‍: ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2002-2003) വിപ്രോയുടെ അറ്റാദായത്തില്‍ ഏഴ് ശതമാനം ഇടിവ്.
2001-2002ല്‍ 885.4 കോടിയായിരുന്നു വിപ്രോയുടെ അറ്റാദായം. എന്നാല്‍ 2002-2003 സാമ്പത്തികവര്‍ഷത്തില്‍ അത് 820.5 കോടിയായി ഇടിഞ്ഞു.
അതേ സമയം കമ്പനിയുടെ മൊത്തവരുമാനത്തില്‍ 24 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. ഇത് വിപണയുടെ പ്രതീക്ഷയ്ക്കൊത്ത നേട്ടമാണ്. 2001-2002 സാമ്പത്തിക വര്‍ഷത്തില്‍ 3,492 കോടിയായിരുന്നു വരുമാനമെങ്കില്‍ 2002-2003ല്‍ അത് 4,338.3 കോടിയായി. അതേ സമയം അവസാന സാമ്പത്തിക പാദത്തില്‍(നാലാം പാദം) വിപ്രോയുടെ വരുമാനത്തില്‍ 32 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.
വിപ്രോ ജി ഇ മെഡിക്കല്‍ സിസ്റംസിന് 37.1 കോടിയുടെ നഷ്ടമുണ്ടായി. വിപണന-വില്പന വിഭാഗത്തിന്റെ ചെലവ് വര്‍ധിച്ചു. എനര്‍ജി ആന്റ് യൂട്ടിലിറ്റീസ് കണ്‍സള്‍ട്ടിംഗ് വിഭാഗം 7.3 കോടിയുടെ നഷ്ടമുണ്ടാക്കി. ഇതെല്ലാമാണ് വിപ്രോ ഗ്രൂപ്പിന്റെ ലാഭം കുറയാന്‍ കാരണമായതെന്ന് വിപ്രോ കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുരേഷ് സേനാപതി പറഞ്ഞു.
അതേ സമയം 2002-2003 സാമ്പത്തിക വര്‍ഷം വിപ്രോയെ സംബന്ധിച്ചിടത്തോളം ധീരമായ നീക്കങ്ങള്‍ നടത്തിയ വര്‍ഷമായിരുന്നുവെന്ന് വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി പറഞ്ഞു. സ്പെക്ട്രാ മൈന്‍ഡ്, എഎംഎസ് ഇന്‍കോ. യുടെ ഗ്ലോബല്‍ എനര്‍ജി വിഭാഗം, എറിക്സന്റെ ഗവേഷണ-വികസന വിഭാഗം എന്നിവ വിപ്രോ ഏറ്റെടുത്ത വര്‍ഷം കൂടിയായിരുന്നു അത്. വിപ്രോ ടെക്നോളജീസില്‍ നിന്നും വിപ്രോ സ്പെക്ട്രാമൈന്‍ഡില്‍ നിന്നും 2003 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ നല്ല വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. - അസിം പ്രേംജി പറഞ്ഞു.












Click it and Unblock the Notifications