മുരളി ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കി
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങളെ കുറിച്ചും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ താന്‍ സ്വീകരിച്ച നിലപാടുകളെ കുറിച്ചും കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കി.
പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും ഗ്രൂപ്പിന് വേണ്ടി നിലകൊണ്ടിട്ടില്ലെന്നും മുരളി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഏപ്രില്‍ 16 ബുധനാഴ്ച ചേര്‍ന്ന ഹൈക്കമാന്റ് യോഗത്തിന് ശേഷമാണ് മുരളിയോട് സോണിയാഗാന്ധി അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
പാര്‍ട്ടിയെ ഒന്നിച്ചുനിര്‍ത്താന്‍ താന്‍ നടത്തിയ ശ്രമങ്ങളെ കുറിച്ച് മുരളി റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. ഹൈക്കമാന്റ് നിര്‍ദേശം അനുസരിച്ച് കോടോത്ത് ഗോവിന്ദന്‍ നായരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതും ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതും മുരളി ചൂണ്ടിക്കാട്ടി.
കേരളത്തിലെ എം എല്‍ എമാര്‍ ഹൈക്കമാന്റിനെ ധിക്കരിക്കുന്നവരല്ല. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ദീര്‍ഘകാലമായി ചില പ്രശ്നങ്ങളുണ്ട്. ആ പ്രശ്നങ്ങളാണ് വിമത സ്ഥാനാര്‍ഥി രംഗത്തു വരാന്‍ കാരണമായത്.
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ കെ. കരുണാകരകനും എ. കെ. ആന്റണിയും ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications